ജമ്മുകാശ്മീര്‍: കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് ചെവ്വാഴ്ച തുടക്കമായി. ജമ്മുവില്‍ ഒരുക്കിയിരിക്കുന്ന ക്യാമ്പില്‍ നിന്നാണ് 2,096 പേരടങ്ങുന്ന ആദ്യ സംഘം പുറപ്പെട്ടത്. 1,369 പുരുഷന്‍മാരും, 421 സ്ത്രീകളും,110 കുട്ടികളും, 196 സന്യാസികളുമടങ്ങുന്നതാണ് ആദ്യ സംഘം.

ത്രിതല സുരക്ഷാ സംവിധാനമാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി നിരവധി സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്.

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന യാത്രാ കാലത്ത് അമര്‍നാഥ് ദര്‍ശനം നടത്താനായി രണ്ടര ലക്ഷം തീര്‍ത്ഥാടകരാണ് വിവിധ കേന്ദ്രങ്ങളിലൂടെയും ഓണ്‍ലൈനിലൂടെയും പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിആര്‍പിഎഫ് നല്‍കുന്ന സുരക്ഷയ്ക്ക് പുറമെ അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന വഴിയിലെ മൊബൈല്‍ പട്രോളിംഗ് കേന്ദ്രങ്ങളും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നു.ആഗസ്റ്റ് 13 ന് രക്ഷാബന്ദന്‍ ദിനത്തോടെയാണ് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രക്ക് അവസാനമാകുന്നത്.