അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ നിയസഭാ കക്ഷിയോഗത്തിന് ശേഷം ഗവര്‍ണറെ കണ്ട അമരീന്ദര്‍ സിങ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചു. വ്യാഴാഴ്ചയാകും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബിന്റെ മുഖ്യമന്തിയായി അധികാരമേല്‍ക്കുക.


Also read ആയിരം കോടി മുതല്‍ മുടക്കിലെത്തുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി 


അതേസമയം ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ്ങ് സിദ്ദു മന്ത്രി സഭയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായില്ല. സിദ്ദുവിന്റെ കാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് അമരീന്ദര്‍ പറയുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും പ്രധാന മന്ത്രിയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. താന്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെത്തന്നെ സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്‌നത്തെ തന്നെയാകും ആദ്യം നേരിടുകയെന്നും അമരീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഭയില്‍ പ്രതിപക്ഷമുണ്ടാകുമോ എന്ന കാര്യത്തില്‍ ഭരണഘടനയും ചട്ടങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം എടുക്കുവെന്നും അമരീന്ദര്‍ വ്യക്തമാക്കി. 20 സീറ്റുമായി രണ്ടം സ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്കാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തിന് ആവകാശവാദം ഉന്നയിക്കാന്‍ കഴിയുക.