amar singh slams prashant-shanti bhushan ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിങിനെ പ്രതി ചേര്‍ത്ത് ദല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കുന്നതായി സൂചന. ബി.ജെ.പി എം.പി അശോക് അഗര്‍ലിനെ പ്രതിയാക്കാന്‍ സ്പീക്കറോട് അനുമതി തേടിയിട്ടുണ്ട്. രാജ്യ സഭ എം.പിയായ അമര്‍സിങ്ങിനെതിരെ നടപടിയെടുക്കുന്നതിന് പോലീസ് രാജ്യസഭാ സ്പീക്കറോട് അനുമതി തേടുമെന്നാണ് വിവരം.

അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. എല്‍.കെ അദ്വാനിയുടെ ഉപദേശകനായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണ്ണിയെയും മുന്‍ എം.പി ഭഗന്‍സിങ് കുലസ്തനെയും ഉടന്‍ പ്രതി ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. കോടതി ഉത്തരവ് അനുസരിച്ച് അടുത്ത ദിവസം തന്നെ ദല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടില്‍ ഇവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ കാര്യം കോടതി അറിയിക്കുമെന്നാണ് വിവരം.

2008ല്‍ യു.പി.എ. സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ എം.പിമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന കേസിലാണ് ഇപ്പോള്‍ പോലീസ് നടപടി. കേസ് അന്വേഷണത്തില്‍ കാലതാമസം വരുത്തിയതിന് ദല്‍ഹി പോലീസിനെ അടുത്തിടെ സുപ്രീം കോടതി രൂക്ഷമായി വമര്‍ശിച്ചിരുന്നു. കേസന്വേഷണത്തില്‍ മനപ്പൂര്‍വം കാലതാമസം വരുത്തുകയാണോ എന്നാണ് കോടതി ചോദിച്ചിരുന്നത്.

ജസ്റ്റിസ് അഫ്താബ് ആലം, ആര്‍.എം. ലോധ എന്നിവരടങ്ങിയ ബഞ്ചാണ് ദല്‍ഹി പോലീസിനെ വിമര്‍ശിച്ചത്. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മൂന്നാഴ്ചത്തെ സമയം കൂടി സുപ്രീംകോടതി അന്ന് അനുവദിക്കുകയും ചെയ്തു.

വിവാദവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ അമര്‍സിങ്ങിനെ ഡല്‍ഹിയില്‍ ്രൈകംബ്രാഞ്ച് ജൂലായ് 21ന് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

ഡല്‍ഹി ചാണക്യപുരിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ് സക്‌സേനയെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഇടപെടലുകള്‍ സംബന്ധിച്ചും ആരോപണമുയര്‍ന്നിട്ടുണ്ട്.