ഇഞ്ചിയോണ്‍: ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമന്‍ദീപ് സിങ് ഫൈനലില്‍ കടന്നു. സെമിയില്‍ കിര്‍ഗിസ്ഥാന്റെ അസൈല്‍ബെക്ക് നസരലിവിനെയാണു അമന്‍ദീപ് തോല്‍പ്പിച്ചത്.

കഴിഞ്ഞവര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണമെമെഡല്‍ ജേതാവായ അമന്‍ദീപ് ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിലാണ് എതിരാളിയെ 13-12ന് പരാജയപ്പെടുത്തിയത്. ഫൈനലില്‍ ലോകചാംപ്യന്‍ഷി്പ്പിലെ വെങ്കലമെഡല്‍ജോതാവായ ഷിന്‍ ജോങ് ഹുവുവാണ് അമന്‍ദീപിന്റെ എതിരാളി.മത്സരം കടുത്തതായിരുന്നുവെന്നും വിജയം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മത്സരശേഷം അമന്‍ദീപ് പറഞ്ഞു.

അതേസമയം 64 കിലോഗ്രാം വിഭാഗം സെമിയില്‍ ഇന്ത്യയുടെ ബല്‍വിന്ദര്‍ ബെനിവാള്‍ പരാജയപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവായ പരംജീത് സമോട്ടയും സെമിയില്‍ പരാജയപ്പെട്ടു. കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു.