കോളിവുഡില്‍ തരംഗം സൃഷ്ടിച്ച ‘മൈന’പ്പെണ്ണ് മലയാളികള്‍ക്കുമുമ്പില്‍ നായികയായെത്തുന്നു. രഞ്ജിത്ത് സംവിധാനംചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് അമല പോള്‍ എത്തുന്നത്.

തമിഴിലെ ‘മൈന’ എന്ന ചിത്രമാണ് അമലപോളിനെ തെന്നിന്ത്യയില്‍ പ്രശസ്തയാക്കിയത്. മൈനയുടെ വിജയത്തിനുശേഷം അമലയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ദൈവതിരുമകള്‍, മുപ്പൊഴുതും ഉന്‍ കര്‍പ്പനൈ, വേട്ടൈ തുടങ്ങിയ ചിത്രങ്ങളില്‍ അവരഭിനയിച്ചു കഴിഞ്ഞു.

ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന മലയാളചിത്രത്തിലൂടെയാണ് അമലയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ചെറിയവേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു.

തമിഴില്‍ തിരക്കുള്ള നടിയായിട്ടും മലയാളത്തില്‍ അഭിനയിക്കാന്‍ അമലയെ പ്രേരിപ്പിച്ചത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികാ കഥാപാത്രമായിരിക്കാം.