ഫെയ്‌സ് ടു ഫെയ്‌സ്/ അമല പോള്‍

മൊഴിമാറ്റം/ ജിന്‍സി

ലാല്‍ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ തന്റെ സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് പ്രഭു സോളമന്റെ മൈനയെന്ന ചിത്രത്തിലൂടെ കോളിവുഡില്‍ തിളങ്ങിയ അമല തമിഴില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.

പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായുള്ള അമലയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇതിനിടയില്‍ ഇത് നമ്മുടെ കഥ, ആകാശത്തിന്റെ നിറം തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ചെറുവേഷവുമായി അമലയെത്തിയെങ്കിലും മലയാളത്തില്‍ മുഴുനീള കഥാപാത്രം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ജോഷിയുടെ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അമലയെത്തുകയാണ്.

തിരുവോണദിനം തിയേറ്ററുകളിലെത്തിയ റണ്‍ ബേബി റണ്ണിനെക്കുറിച്ചും മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും അമല സംസാരിക്കുന്നു.

റണ്‍ ബേബി റണ്ണിലേക്ക് അമലയെ ആകര്‍ഷിച്ചതെന്താണ്?

ജേണലിസ്റ്റാകാനായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ റണ്‍ ബേബി റണ്ണിലെ ടി.വി ജേണലിസ്റ്റിനെ അവതരിപ്പിക്കുകയെന്നത് രസകരമായിരുന്നു.

ജോഷി, മോഹന്‍ലാല്‍ എന്നീ പ്രമുഖര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുകയെന്നതും വലിയ കാര്യമാണ്.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?

രേണുകയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു ന്യൂസ് ചാനല്‍ എക്‌സിക്യുട്ടീവ് എഡിറ്ററാണ് രേണുക. തന്റേടിയും ധൈര്യശാലിയുമാണ് രേണുക. ഒന്നിനെയും ഭയമില്ല.

ഒരു സ്റ്റോറിക്ക് വേണ്ടി പോകുമ്പോഴുണ്ടാവുന്ന തടസങ്ങളെയൊന്നും രേണുക കാര്യമാക്കാറില്ല. മുമ്പ് മറ്റൊരു ചിത്രത്തിലും ഇതുപോലൊരു കഥാപാത്രത്തെ കണ്ടിട്ടില്ല.

നിങ്ങളുടെ കഥാപാത്രത്തിന് മാതൃകയായി യഥാര്‍ത്ഥ ജീവിതത്തിലെ ആരെയെങ്കിലും കണ്ടിരുന്നോ?

ഇല്ല. ഏതെങ്കിലും യഥാര്‍ത്ഥ വ്യക്തിയെ ഞാന്‍ ശ്രദ്ധിച്ചാല്‍ അവരെ അനുകരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ എന്നെ സ്വാധീനിക്കുന്നത് എനിക്കിഷ്ടമല്ല.

ഈ കഥാപാത്രത്തെക്കുറിച്ചുള്ള ചിത്രം എന്റെ മനസിലുണ്ട്. അത് ഞാന്‍ സ്‌ക്രീനില്‍ പ്രകടിപ്പിക്കുന്നു. എന്റെ സ്വന്തം ശരീരഭാഷമാത്രമേ ഞാനതില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളൂ.

നേരത്തെ ഇന്ത്യന്‍ റുപ്പിയിലെ നായികയായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നല്ലോ?

ഇന്ത്യന്‍ റുപ്പിയുടെ കഥയെനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കൊണ്ട് ഏറ്റെടുക്കാനായില്ല.

ഇത് നമ്മുടെ കഥയെന്ന ചിത്രത്തില്‍ വളരെ അപ്രധാനമായ ഒരു കഥാപാത്രം ചെയ്തല്ലോ. അത് ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?

സത്യം പറഞ്ഞാല്‍, വളരെ മുമ്പേ തന്നെ ഞാന്‍ ആ ചിത്രം ചെയ്തിരുന്നു. മൈന ചെയ്യുന്നതിനും മുമ്പ്. പക്ഷെ ദൈവതിരുമകള്‍ക്കുശേഷമേ അത് റിലീസ് ചെയ്തുള്ളൂ.

തിരിഞ്ഞു നോക്കുമ്പോള്‍, നിങ്ങളുടെ കരിയറില്‍ മൈന എത്രത്തോളം പ്രധാനപ്പെട്ടതാണ്?

നടിയായി അമല പോളിനെ വളര്‍ത്തിയെടുത്ത ചിത്രമാണ് മൈന. പലയിടങ്ങളിലും പോകുമ്പോള്‍ എന്നെ ഇപ്പോഴും മൈന എന്ന വിളിക്കാറുണ്ട്. അങ്ങനെ വിളിക്കപ്പെടാന്‍ എനിക്കിഷ്ടവുമാണ്.

ഈ ചിത്രത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. ഒരു നടിയെന്ന നിലയില്‍ വളരാന്‍ അതെന്നെ സഹായിക്കുകയും ചെയ്തു. നല്ല അനുഭവമായിരുന്നു മൈന.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്?

നടിയെന്ന നിലയില്‍ എന്നെ ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ ഏറ്റെടുക്കാറുള്ളത്. അഭിനയിക്കാനുള്ള എന്റെ കഴിവുകള്‍ പുറത്തെടുത്ത ചിത്രമാണ് മൈന. അതിനുശേഷമാണ് അഭിനയ പ്രധാന്യമുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ എനിക്ക് ലഭിച്ചത്.

ടൈപ്പ്കാസ്റ്റാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ തന്നെ ബോറടിപ്പിക്കുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമില്ല. കാരണം അത് പ്രേക്ഷകരെയും ബോറടിപ്പിക്കും.

എന്റെ ചിത്രങ്ങള്‍ പ്രേക്ഷകരില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് പൂര്‍ണതയും വേണം. എന്റെ കഥാപാത്രത്തിന് പൂര്‍ണത ലഭിക്കാനായി 100% ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

അന്യഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടശേഷം മലയാളത്തില്‍ വീണ്ടുമെത്തുമ്പോള്‍ എന്ത് തോന്നുന്നു?

(ചിരിക്കുന്നു) വീട്ടില്‍ തിരികെ വരുംപോലെയാണിത്. ഇവിടെ നില്‍ക്കാന്‍ എനിക്കിഷ്ടമാണ്.

കടപ്പാട്: റെഡിഫ്.കോം