സിനിമയില്‍ ഒന്നു തിളങ്ങിയെന്നു തോന്നിയാല്‍ തുടങ്ങും നടിമാരുമായി ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍. ഈ ഗോസിപ്പുകള്‍ പല നടിമാരെയും വളരെയധികം വേദനിപ്പിക്കാറുണ്ട്. ഗോസിപ്പുകള്‍ കാരണം സിനിമാ ഭാവി നഷ്ടപ്പെട്ടവരുമുണ്ട്. ഇത്തരം കുപ്രചരണങ്ങളെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് നീങ്ങുന്ന നടിമാരും കുറവല്ല. പക്ഷെ ഗോസിപ്പുകളെ ഇഷ്ടപ്പെടുന്നതായി ആരും പറഞ്ഞ് കേട്ടിട്ടില്ല.

തെന്നിന്ത്യന്‍ സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിലയുറപ്പിച്ച അമലാ പോളാണ് ഗോസിപ്പുകള്‍ തനിക്കിഷ്ടമാണെന്ന് പറയുന്നത്.
അവള്‍ ആ നടനുമായി അടുപ്പത്തിലാണ്, ഈ നടനുമായി ഡേറ്റു ചെയ്യുന്നു എന്നൊക്കെ എഴുതിക്കാണുമ്പോള്‍ സുഖം തോന്നും. ഗോസിപ്പ് കോളത്തില്‍ ഇടം നേടുന്നത് നടിയുടെ പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുന്നു. എന്നെക്കുറിച്ചും ഗോസിപ്പുകളെഴുതൂ, പ്ലീസ് എന്നാണ് അമല പറയുന്നത്.

ആദ്യ ചിത്രം മുതല്‍ തന്നെ അമല വിവാദ നായികയായിരുന്നു. സാമി സംവിധാനം ചെയ്ത സിന്ധുസമവെളിയിലാണ് അമല ആദ്യം അഭിനയിച്ചത്. ചിത്രത്തില്‍ ഭര്‍ത്തൃപിതാവുമായി അവിഹിത ബന്ധം സൂക്ഷിക്കുന്ന സ്ത്രീയുടെ വേഷമായിരുന്നു അമലയ്ക്ക്. ചിത്രത്തിലെ സംവിധായകനായ സാമിക്കെതിരെ പരാതി നല്‍കിയാണ് അമല വാര്‍ത്തകളില്‍ ഇടം തേടിയത്.

പിന്നീട് ചുരുങ്ങിയ കാലംകൊണ്ടാണ് തമിഴകത്തെ തന്റേടിയായ നടിയായി അമല വളര്‍ന്നത്. എന്തും തുറന്നുപറയുന്ന അമലയുടെ സ്വഭാവവും, ആരെയും കൂസാത്ത ഭാവവും അമലയെ പാപ്പരാസികളുടെ ഇഷ്ടതാരമായി വളര്‍ത്തുകയായിരുന്നു.