‘മൈന’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരറാണിമാരില്‍ മുന്‍നിരയിലെത്തിയ അമല കുതിക്കുകയാണ്. തേടിയെത്തുന്നതെല്ലാം വന്‍ ഓഫറുകള്‍, നമ്പര്‍ വണ്‍ ബാനറുകള്‍, മികച്ച സംവിധായകന്‍മാര്‍. എല്ലാവര്‍ക്കും നായികയായി അമലയെ മതി. എന്നാല്‍ നടിയാകട്ടെ ഒന്നിനും ധൃതി കാട്ടുന്നില്ല. അവസരങ്ങളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാനാണ് തീരുമാനം.

തെലുങ്കിലെ നമ്പര്‍ വണ്‍ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ അമലയുടെ ഡെയ്റ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ കഥ കേട്ട് ത്രില്ലടിച്ച അമല സമ്മതവും മൂളി. രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന ‘ബേജവാഡ റൌഡിലു’ എന്ന ചിത്രത്തിലാണ് അമല നായികയാകുന്നത്. നാഗാര്‍ജ്ജുനയുടെ മകനും തെന്നിന്ത്യയുടെ ഹോട്ട് സ്റ്റാറുമായ നാഗചൈതന്യയാണ് നായകന്‍.

ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖമായ വിവേക് കൃഷ്ണയാണ്. രാം ഗോപാല്‍ വര്‍മ്മയുടെ സഹസംവിധായകനായിരുന്നു വിവേക്. അമലാ പോള്‍ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പലതും തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു തെലുങ്ക് ചിത്രത്തിലേക്ക് അമല ക്ഷണിക്കപ്പെടുന്നത്.

ലിംഗുസാമി സംവിധാനം ചെയ്യുന്ന ‘വേട്ടൈ’ ആണ് അമലാ പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ആര്യയും മാധവനുമാണ് വേട്ടൈയില്‍ അമലയുടെ നായകന്‍മാര്‍. ധനുഷിനെ നായകനാക്കി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ത്രീ’ എന്ന ചിത്രത്തിലും അമല തന്നെ നായിക.