നീലത്താമരയ്ക്കുശേഷം നിരവധി അവസരങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിച്ചെങ്കിലും അമല അതെല്ലാം ഉപേക്ഷിക്കുകയാണുണ്ടായത്. തമിഴകത്ത് നമ്പര്‍ വണ്‍ നായികയായി മുന്നേറിക്കൊണ്ടിരുന്ന സമയത്ത് അമല മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ വന്നിരുന്നു. എന്നാല്‍ അതൊന്നും ശരിയല്ലെന്ന് നടി പിന്നീട് പറയുകയും ചെയ്തു.

ഒടുക്കും മോഹന്‍ലാലിന്റെ നായികയായി അമല മലയാളത്തില്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ഇതുവരെയും മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ സിനിമയില്‍ നായികയായിട്ടില്ലാത്ത അമലയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ നായികവേഷമാണ്.

സച്ചി സേതു ടീമിന്റെ തിരക്കഥയില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ എഡിറ്ററുടെ വേഷമായിരിക്കും അമലയ്ക്ക്. ചാനലിലെ കാമറാമാനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്‍കിയെടുക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മ്മിക്കുന്നത്.

മൈന എന്ന ചിത്രത്തിലൂടെയാണ് അമല തമിഴകത്തെ തിരക്കേറിയ നടിയായി മാറുന്നത്. പിന്നാലെ വിക്രമിനൊപ്പം ദൈവതിരുമകള്‍, ആര്യ, മാധവന്‍ ടീമിനൊപ്പം വേട്ടൈ, അഥര്‍വയുടെ നായികയായി മുപ്പൊഴുതും ഉന്‍ കര്‍പ്പനൈകള്‍ എന്നീ ചിത്രങ്ങളില്‍ അമല വേഷമിട്ടു. തെലുങ്കിലേക്ക് ചുവടുമാറ്റിയപ്പോള്‍ അവിടെയും അമലയ്ക്ക് പിന്നാലെ ഹിറ്റുകളായിരുന്നു.