ചെന്നൈ: നടി അമല പോളും സംവിധായകന്‍ വിജയും നിയമപരമായി വിവാഹമോചിതരായി. ഇരുവരും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി ഇന്നാണ് വിധി കല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് താരങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2014 ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം.ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍ പിരിയുകയായിരുന്നു. 2011ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.

പിന്നീട് വിജയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.

വിവാഹശേഷവും അമലാപോള്‍ സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ വിവാഹശേഷം അമല അഭിനയിക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് വിജയുടെ അച്ഛന്‍ പറഞ്ഞിരുന്നു. പിന്നീടാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നത്.


Dont Miss കോഴിക്കോട് മിഠായിതെരുവില്‍ വന്‍ തീപിടുത്തം


ദാമ്പത്യം തനിക്ക് കയ്‌പേറിയ അനുഭവമായിരുന്നെന്ന് അമല തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹം വേണ്ടസമയത്തല്ലായിരുന്നെന്നും എടുത്തുചാട്ടം വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

വിവാഹജീവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ല. അങ്ങനെ വന്നാല്‍ വൈകാന്‍ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം. അത് തന്നെയാണ് താനും ചെയ്തത്. വിവാഹമൊഴികെ താനെടുത്ത ഒരു തീരുമാനവും തെറ്റായിരുന്നില്ലെന്നും അമല പറയുന്നു.