മലയാളിയായ അമലാ പോള്‍ തമിഴകത്തുനിന്നാണ് മലയാളത്തിലെത്തിയത്. ഡോ. ബിജുവിന്റെ ‘ആകാശത്തിന്റെ നിറം’, മോഹന്‍ലാലിന്റെ ‘റണ്‍ ബേബി റണ്‍’ എന്നീ സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ശേഷം അമലാപോള്‍ വീണ്ടും തമിഴകത്തേയ്‌ക്കെത്തുന്നു.

Ads By Google

സംവിധായകനും നടനുമായ സമുദ്രക്കനി ഒരുക്കുന്ന ‘നിമിര്‍ന്തുനില്‍’ എന്ന പുതിയ ചിത്രത്തില്‍ ജയം രവിയുടെ നായികയായാണ് അമലയെത്തുന്നത്.  ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ‘നിമിര്‍ന്തുനില്‍’ എന്നാണ് സംവിധായകന്‍ സമുദ്രക്കനി പറയുന്നത്.

സമൂഹത്തിലെ വ്യവസ്ഥകള്‍ക്കെതിരെ പോരടിക്കുകയും തുടര്‍ന്ന് വിപ്ലവകാരിയായി മാറുകയും ചെയ്യുന്ന ശക്തമായ വേഷമാണ് ജയം രവി ഈ ചിത്രത്തില്‍ ചെയ്യുന്നത്. ഈ കഥാപാത്രം ജയം രവിക്ക് ഏറെ അഭിനയ സാധ്യതകള്‍ ഉറപ്പാക്കുന്നതുമായിരിക്കും. തമിഴിന് പുറമെ തെലിങ്കിലും സിനിമ പുറത്തിറങ്ങും. ജയം രവിയുടെ സ്ഥാനത്ത് നാനിയാണ് തെലുങ്കില്‍ നായകവേഷം ചെയ്യുന്നത്. രണ്ട് ഭാഷകളിലും അമല തന്നെയാണ് നായിക.

മേഘ്‌നാ രാജും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചാലക്കുടിയിലും ഗോവയിലുമായി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ജി.വി പ്രകാശിന്റേതാണ് ഈണങ്ങള്‍.