ധനുഷിനെ നായകനാക്കി ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ അമല നായികയാവുന്നു. ചിത്രത്തിലെ നായികയുമായി ബന്ധപ്പെട്ട് പ്രചരിച്ച ഊഹാപോഹങ്ങള്‍ക്ക് വിമാരമിട്ട്‌കൊണ്ട് ഐശ്വര്യയാണ് അമല നായികയാവുന്ന വിവരം പ്രഖ്യാപിച്ചത്.

നേരത്തെ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്‍ ധനുഷിന്റെ നായികയാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മൈനയ്ക്കുശേഷം തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധ നേടിയ നടി എന്ന നിലയില്‍ അമലപോളിനെ കാസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe Us:

ധനുഷിന്റെ ജന്മദിനമായ ജൂലൈ 28 നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത് . ശാന്തോം ചര്‍ച്ചിനിരികിലുള്ള ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ചെറിയരീതിയിലുള്ള പൂജാകര്‍മ്മങ്ങള്‍ നടത്തി. ചിത്രത്തിന്റെ നിര്‍മ്മാതാവും ധനുഷിന്റെ പിതാവുമായ കസ്തൂരിരാജയുടെ മേല്‍നോട്ടത്തിലായിരുന്നു പൂജാപരിപാടികള്‍ നടന്നത്.

ധനുഷിന്റെ സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്‍, ഭാര്യ ഗീതാഞ്ജലി, വിജയ് യേശുദാസ്, ഭാര്യ ദര്‍ശന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ അവാര്‍ഡ് നേട്ടവുമായി തിളങ്ങിനില്‍ക്കുന്ന ധനുഷിന് മറ്റൊരു സൂപ്പര്‍ ഹിറ്റ് സമ്മാനിക്കാനുള്ള ഒരുക്കങ്ങളിലാണ് സൂപ്പര്‍സ്റ്റാര്‍ രജനിയുടെ പുത്രിയും സംവിധായികയുമായ ഐശ്വര്യ.

സംവിധായിക എന്ന നിലയില്‍ ഐശ്വര്യയുടെ ആദ്യചിത്രമാണിത്. ഇതിനുമുമ്പ് ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഐശ്വര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഐശ്വര്യതന്നെയാണ്. വളരെ വേഗത്തില്‍ വര്‍ക്കുകള്‍ തീര്‍ത്ത് 2012 പൊങ്കല്‍ റിലീസായി ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് പ്ലാന്‍.