മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെയുള്ള പ്രകടനത്തില്‍ താന്‍ സംതൃപ്തനല്ലെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കരിയറില്‍ ഓരോ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും താന്‍ സന്തോഷിക്കാറുണ്ടെന്നും എന്നാല്‍ പൂര്‍ണ്ണതൃപ്തനല്ലെന്നും സ്‌കൈ സ്‌പോര്‍ട്‌സ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

ഇതുവരെയുള്ള എന്റെ പ്രകടനത്തില്‍ ഏറെ സന്തോഷവാനാണ്. എങ്കിലും പൂര്‍ണ്ണസംതൃപ്തനല്ല. ക്രിക്കറ്റിനെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു. രാജ്യത്തിനുവേണ്ടി കളിക്കണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. അത് നിറവേറി. ഇനിയും ഒരുപാടുകാലം ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹമെന്നും സച്ചിന്‍ വ്യക്തമാക്കി.

വിരമിക്കലിനെക്കുറിച്ചുള്ള വാര്‍ത്തകളെ തള്ളിക്കളഞ്ഞ സച്ചിന്‍ ക്രിക്കറ്റില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യലോക കിരീടം ചൂടിയപ്പോള്‍ ഗ്രൗണ്ടിലോ, ബാല്‍ക്കണിയോ ഇല്ലായിരുന്നു ഞാന്‍. സ്വന്തം ഡ്രസ്സിംഗ് റൂമില്‍ ഇരുകൈകളും ചേര്‍ത്ത് പ്രാര്‍ത്ഥനയിലായിരുന്നു. കിരീടം നേടിക്കഴിഞ്ഞപ്പോള്‍ പറന്നുയരുന്ന അനുഭൂതിയായിരുന്നു- സച്ചിന്‍ പറഞ്ഞു.