Categories

ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയുമായി 40 വിദേശസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

aravind-kejrival

വാഷിങ്ടണ്‍: ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഹംഗറി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ നാല്‍പത് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പുതിയതായി പാര്‍ട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സന്നദ്ധപ്രവര്‍ത്തകരുടെ ശൃംഖലയ്ക്ക് തുടക്കമായത്.

വിദേശസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനിടയില്‍ നിന്നും അവധിയെടുത്താണ് അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടിയ്ക്ക് വേണ്ടി സന്നദ്ധപ്രവര്‍ത്തനത്തിനെത്തുന്നത്. സാമ്പത്തികസഹായങ്ങളും ഇവര്‍ നല്‍കുന്നു.

‘അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഭരണകേന്ദ്രങ്ങളിലെ അഴിമതി ഇല്ലാതാക്കാനുമുള്ള പാര്‍ട്ടിയുടെ പരിശ്രമങ്ങള്‍ ലോകത്താകമാനമുള്ള വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉത്സാഹഭരിതരാക്കുന്നു.’ ശൈല്‍ കുമാര്‍ പറയുന്നു.

ഐ.ഐ.ടി ഫൗണ്ടേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ശൈല്‍ കുമാറാണ് ഈ ശൃംഖലയുടെ ഓര്‍ഗനൈസര്‍. സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

ഈ വിദ്യാര്‍ത്ഥികള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കുകയും സംഭാവനകള്‍ ചെയ്യുകയും ഫോണ്‍ കോളുകള്‍ നടത്തുകയും ചെയ്യുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ഗാമിയായിരുന്ന അഴിമതിയ്‌ക്കെതിരെ ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

‘ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സന്ദേശം കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാന്‍ സഹായിക്കും.’ അരവിന്ദ് കെജ്‌രിവാള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

‘2011-ലെ അണ്ണാ ഹസാരെയുടെ സമരമാണ് എന്നെ പ്രചോദിപ്പിച്ചത്. ഒരു വ്യവസ്ഥിതിയെ മാറ്റണമെങ്കില്‍ നമ്മള്‍ സ്വയം അതിന്റെ ഭാഗമായേ പറ്റൂ എന്ന വിശ്വാസക്കാരനാണ് ഞാന്‍. അത്തരമൊരു പ്രവൃത്തിയ്ക്ക് ആം ആദ്മി പാര്‍ട്ടി നല്ലൊരു അവസരമാണ്.’ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ രാജ് ശേഖര്‍ സിങ് ചൂണ്ടിക്കാണിക്കുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നും ദല്‍ഹിയില്‍ ഗവണ്‍മെന്റ് രൂപീകരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ പി.എച്ച്ഡി വിദ്യാര്‍ത്ഥിയായ സുമാ ജെയ്‌നി.

യു.സി ഓസ്റ്റിന്‍, ലോവ സര്‍വകലാശാല, ടെക്‌സാസ് എ ആന്‍ഡ് എം, ബോസ്റ്റണ്‍ സര്‍വകലാശാല, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ക്യാനഡയിലെ മക്ഗില്‍ സര്‍വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ വര്‍ദ്ധിക്കുകയാണ്.