ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്‌ട്രേഷന്‍ നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചിട്ടില്ല.

Ads By Google

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എ പ്രകാരം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതായി കമ്മീഷന്‍ അറിയിച്ചതായി ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

ദേശീയ ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ പതാകയിലോ ലെറ്റര്‍പാഡിലോ പതിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണം ശരിയായി ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കുന്ന സ്വരാജിലേക്ക് പാര്‍ട്ടി ഒരു പടികൂടി അടുത്തിരിക്കുകയാണന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

അതേസമയം ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നിരാഹാരം തുടങ്ങി. പൊതുജനങ്ങളെ ബാധിച്ചിരിക്കുന്ന വെള്ളക്കരത്തിന്റേയും വൈദ്യുതി ബില്ലിലെ ക്രമക്കേടുകള്‍ക്ക് എതിരെയാണ് കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുന്നത്.

വൈദ്യുതി വിച്ഛേദിക്കുകയാണെങ്കില്‍ അത് പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വീടുകള്‍ തോറും കയറി ഇറങ്ങി ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം അണ്ണാ ഹസാരെക്ക് ലഭിച്ചപോലെആം ആദ്മി പാര്‍ട്ടിക്ക് വേണ്ടത്ര ജനപിന്തുണ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.