എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം രാഷ്ട്രീയ കൊലപാതകം തന്നെ; ലാവ്‌ലിനില്‍ ശിക്ഷിക്കപ്പെട്ടത് താനെന്നും വി.എസ്
എഡിറ്റര്‍
Friday 21st March 2014 11:03pm

vs achuthananthan

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വി.എസ് അച്യുതാനന്ദന്‍. തന്നെ അവസരവാദിയെന്ന് ചിത്രീകരിക്കാനാണ് ഇപ്പോള്‍ തനിക്കെരെയുണ്ടായിട്ടുളള ആരോപണങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ ശത്രുക്കളെ തിരിച്ചറിയാതെയാണ് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ തന്നെ ആക്ഷേപിക്കുന്നതെന്നും രമ തനിക്ക് മകളെപ്പോലെയാണെന്നും വി.എസ് പറഞ്ഞു. കോടികളുടെ അഴിമതി നടന്ന ലാവ്‌ലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു.

ലാവിലിന്‍ കേസില്‍ പാര്‍ട്ടി തന്നെയാണ് ശിക്ഷിച്ചത്. സി.ഐ.ജി റിപ്പോര്‍ട്ട് ശരിയാണെന്ന് പറഞ്ഞപ്പോള്‍ എന്നെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. പകരം സി.ഐ.ജി റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പി.ബിയില്‍ എടുക്കുകയും ചെയ്തു- വി.എസ് പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകം തന്നെയെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ചന്ദ്രശേഖരന് സംരക്ഷണം നല്‍കാതിരുന്നത് ആര്‍.എം.പിയുടെ വളര്‍ച്ച തടയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.കെ രമയും ആര്‍.എം.പിയും കോണ്‍ഗ്രസിന്റെ വാലാണെന്ന് വി.എസ് ഇന്നലെ പറഞ്ഞിരുന്നു.

എന്നാല്‍ വി.എസിന്റെ പരാമര്‍ശത്തിനെതിരെ രമ ശക്തമായി പ്രതികരിച്ചിരുന്നു. ടി.പി ചന്ദ്രശേഖരനേറ്റ 52 ാമത്തെ വെട്ടാണ് വി.എസിന്റെ വാക്കുകളെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിനു വേണ്ടിയാണ് വി.എസ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും രമ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ രക്ഷിക്കാനാണ് വി.എസിന്റെ വ്യഗ്രതെന്നും  പ്രകാശ് കാരാട്ടിനും പിണറായി വിജയനും വേണ്ടിയാണ് വി.എസ് ഇപ്പോള്‍ പ്രസ്താവനകളിറക്കുന്നതെന്നും പറഞ്ഞ രമ ഇതേ നിലപാടുമായി വി.എസ് മുന്നോട്ട് പോകാനാണെങ്കില്‍ അദ്ദേഹത്തെ ജനം പുച്ഛിച്ച് തള്ളുമെന്നും രമ കുറ്റപ്പെടുത്തിയിരുന്നു.

യു.ഡി.എഫിനെ പാരജയപ്പെടുത്താന്‍ എല്‍.ഡി.എഫ് തന്നെ സമീപിച്ചെന്ന സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ പരാമര്‍ശത്തെക്കുറിച്ച്  ചോദിച്ചപ്പോള്‍ സരിതയുടെ വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും പണത്തിന് വേണ്ടി ഹീനമായി രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന അവരെക്കുറിച്ച് തനിയ്ക്ക് കൂടുതലൊന്നും പറയാനില്ലെന്നും വി.എസ് പറഞ്ഞു.

അമൃതാനന്ദമയിയ്ക്കും മഠത്തിനുമെതിരെ ഉണ്ടായ ആരോപണങ്ങളില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുത്തിട്ടും വി.എസ് പ്രതികരിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് അവര്‍ പാവപ്പെട്ട ഒരു സമുദായത്തില്‍ നിന്ന് വന്ന സ്ത്രീയാണ്. ആത്മീയ ചിന്താഗതിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായാണ് ആളുകള്‍ അവരെ കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അവരെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ ആരോപണങ്ങള്‍ താന്‍ വിശ്വസിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Advertisement