ന്യൂദല്‍ഹി: ബി.ജെ.പിയുടെ ബീഫ് നിരോധന നയത്തെ എതിര്‍ത്ത് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. താനൊരു മാംസാഹാരിയാണെന്നും അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരാള്‍ എന്ത് കഴിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ കാര്യമാണ്. അതില്‍ ഏതെങ്കിലും പാര്‍ട്ടിയോ വ്യക്തിയോ ഇടപെടാന്‍ കഴിയില്ല. എന്നാല്‍ ഭരണഘടന വിലക്കുന്ന ഭക്ഷണം ജനങ്ങള്‍ കഴിക്കരുതെന്നും അത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: ‘ഒരു ജിയോ വീരഗാഥ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിയോയുടെ കടന്നു വരവും യൂസേഴ്‌സിന്റെ ജീവിതവും വിവരിക്കുന്ന ട്രോള്‍ വീഡിയോ


മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീ പ്രകാശിന്റെ വിവാദമായ ബീഫ് പ്രസ്താവനയോടുള്ള പ്രതികരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തന്നെ ജയിപ്പിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നാണ് ശ്രീപ്രകാശ് പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം നിരവധി അറവുശാലകള്‍ അടച്ചു പൂട്ടിയിരുന്നു. ഗുജറാത്തില്‍ ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാനുള്ള ഭേദഗതി ബില്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയതും അടുത്തിടെയാണ്. അതേ സമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്നാണ് വോട്ടില്‍ കണ്ണ് വെച്ച് ബി.ജെ.പി പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നാലെയായിരുന്നു ശ്രീപ്രകാശിന്റെ പ്രസ്താവന.