എഡിറ്റര്‍
എഡിറ്റര്‍
കഴിഞ്ഞകാലം ഒഴിഞ്ഞുപോയവര്‍ക്കായി ഒരുമിച്ചു നില്‍ക്കാം
എഡിറ്റര്‍
Friday 21st September 2012 5:37pm

മനുഷ്യന് മറവി ഒരനുഗ്രഹമാണെന്ന് പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ആര്‍ക്കും ഇത്തരമൊരു മറവി ഉണ്ടാവരുതെന്ന് നമുക്ക് ആഗ്രഹിക്കാം.  അലി എഴുതുന്നു..


പ്യൂപ്പ/അലി


നിങ്ങളുടെ ഓര്‍മശക്തി മുഴുവന്‍ ഒരു ദിവസം നഷ്ടപ്പെട്ടുപോയി എന്നിരിക്കട്ടെ. എന്തായിരിക്കും നമ്മുടെ മനോഭാവം? ഹമ്മേ…!!! ആലോചിക്കുമ്പൊഴേ പേടിയാവുന്നു അല്ലേ.. അതെ അങ്ങനെ മറവി രോഗം വന്ന ഹതഭാഗ്യര്‍ക്കായുള്ള ദിനമാണ് ഇന്ന്.. അല്‍ഷിമേര്‍സ് രോഗികള്‍ക്കായുള്ള ദിനം. നമ്മള്‍ സിനിമകളില്‍ അവരുടെ അവസ്ഥ കണ്ട് എത്ര കരഞ്ഞു. തന്മാത്ര സിനിമ മാത്രം ഓര്‍ത്താല്‍ മതി..

Ads By Google

മനുഷ്യന് മറവി ഒരനുഗ്രഹമാണെന്ന് പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ആര്‍ക്കും ഇത്തരമൊരു മറവി ഉണ്ടാവരുതെന്ന് നമുക്ക് ആഗ്രഹിക്കാം. വാസ്തവത്തില്‍ എന്താണ് മറവി രോഗം? നമ്മുടെ കമ്പ്യൂട്ടറില്‍ മെമ്മറി എന്നൊരു ഭാഗം ഉണ്ട്. ഇല്ലേ. അത് പ്രവര്‍ത്തിക്കാതിരുന്നാല്‍ പിന്നെ കമ്പ്യൂട്ടറിനെ കൊണ്ട് ഒന്നു ചെയ്യാന്‍ പറ്റില്ല അല്ലേ. അതുപോലെ മനുഷ്യന്റെ മസ്തിഷ്ക്കത്തില്‍ ഓര്‍മയുടെ ഭാഗം പ്രവര്‍ത്തിക്കാതാകുന്ന രോഗമാണ് മറവി രോഗം. 1906ല്‍ ജര്‍മനിയിലെ ന്യൂറോ പത്തോളജിസ്റ്റായ അലോയിസ് അല്‍ഷിമേര്‍സാണ് ഈ രോഗം തിരിച്ചറിഞ്ഞത് അങ്ങനെ അദ്ദേഹം കണ്ടെത്തിയ രോഗം എന്ന നിലയ്ക്കാണ് അല്‍ഷിമേര്‍സ് രോഗം എന്ന് ഇതിനെ ശാസ്ത്ര ലോകം നാമകരണം ചെയ്തത്.

പൊതുവെ 65 വയസ്സില്‍ കൂടുതലുള്ളവര്‍ക്കാണ് ഈ അസുഖം കൂടുതല്‍ കാണപ്പെടുന്നത്. നമ്മുടെ പ്രയങ്കരനായ ഒരു എഴുത്തുകാരന്‍ ഈ രോഗം കാരണം എഴുത്ത് തന്നെ ഉപേക്ഷിച്ച വിവരം കൂട്ടുകാര്‍ അറിഞ്ഞിട്ടുണ്ടോ? മാജിക്കല്‍ റിയലിസം കൊണ്ട് ലോക ഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വിസ്. ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ ഇനി പൂക്കുകയില്ല എന്ന ആ വാര്‍ത്ത ലോകം നിറകണ്ണുകളോടെയാണ് കേട്ടിരുന്നത്.

2006ലെ ഒരു കണക്ക് പ്രകാരം ഏകദേശം 26.6 മല്ല്യണ്‍ ആളുകള്‍ക്ക് ഈ രോഗമുണ്ടത്രേ!!! 2050തോടെ ലോകത്താകമാനം 85 പേരില്‍ ഒരാള്‍ക്ക് എന്ന കണക്കിന് ഈ രോഗം വ്യാപിക്കും എന്ന് റോണ്‍ ബ്രൂക്ക്‌മെയറും കൂട്ടരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അല്‍ഷിമേര്‍സ് രോഗം ബാധിച്ചവരെകുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ അപകടമുള്ള ഒരു രോഗമാണിത്. ഒരുപാട് കഷ്ടതകളാണ് ഈ രോഗം രോഗികള്‍ക്ക് നല്‍കുന്നത്. ചില മറവികളില്‍ തുടങ്ങി ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെ മരണത്തിനു കീഴ്‌പ്പെടേണ്ടി വരുന്ന ഒരപൂര്‍വ്വ രോഗമാണിത്. മരണം വരെ ഒന്നും ഓര്‍ക്കാതെ ജീവിക്കേണ്ടി വരിക.. ഹോ എന്തൊരു കഷ്ടമായിരുക്കും ആ അവസ്ഥ അല്ലേ കൂട്ടുകാരെ!!!

ഇന്നും ഇതിന് ചികിത്സ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ശാസ്ത്രം. ഇതിന്റെ വ്യക്തമായ കാരണങ്ങളും കണ്ടെത്താനായിട്ടില്ല. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാനായെന്നുതന്നെ വരില്ല. കാരണം വാര്‍ദ്ധക്യ കാലത്ത് സാധാരണ ഗതിയിലുണ്ടാവുന്ന മറവിയാണ് ആദ്യ ലക്ഷണം. അതുകൊണ്ട് തന്നെ ഈ രോഗം രോഗിയില്‍ വികസിച്ചുകഴിഞ്ഞേ പൊതുവെ തിരിച്ചറിയപ്പെടുന്നുള്ളു.

ആദ്യഘട്ടം എന്ന നിലയില്‍ ഈ രോഗം ബാധിക്കുന്നയാളില്‍ അടിക്കടി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് കടുത്ത ദേഷ്യവും നിരാശയും അമിതമായ വിധം പ്രകടിപ്പിക്കാന്‍ തുടങ്ങും. തുടര്‍ന്ന് ഭാഷ തന്നെ അയ്യാള്‍ക്ക് ശരിയായവിധം പ്രകടിപ്പിക്കാനാവാതെയാകും. തുടര്‍ന്ന് എന്നന്നേക്കുമായി ഒര്‍മ്മക്തി അയ്യാളെ വിട്ടുപോയിട്ടുണ്ടാവും.

മസ്തിഷ്‌ക്കത്തിലെ പ്ലേക്‌സ്, ടാങ്കിള്‍സ് എന്നീ ഭാഗങ്ങളെയാണ് ഈ രോഗം ബാധിക്കുന്നതെന്നാണ് മെഡിക്കല്‍ സയന്‍സിന്റെ കണ്ടെത്തല്‍. രോഗലക്ഷണത്തിന് മാത്രമേ ഇന്ന് നമുക്ക് ചികിത്സയുള്ളു. മാനസ്സികമായ ഉത്തേജനം, അഭ്യാസങ്ങള്‍, ക്രമീകൃത ആഹാര രീതി മുതലായവയാണ് ഇന്ന് ഈ രോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങളായി നിര്‍ദ്ദേശിക്കപ്പെടാറ്.

ഈ രോഗത്തിന്റെ യഥാര്‍ത്ഥ പേര് ഡെമെന്‍ഷിയ എന്നാണ്. ലാറ്റിനില്‍ ‘ഡി’ എന്നാല്‍ ഒഴിഞ്ഞത് എന്നും ‘മെന്റ്’ എന്നാല്‍ മനസ്സും എന്നാണ് അര്‍ത്ഥം. അതായത് ഡെമെന്‍ഷ്യ എന്നാല്‍ മനസ് ഇല്ലാത്ത അവസ്ഥ എന്നര്‍ത്ഥം.

എസെപ്റ്റംബര്‍ 21 ആണ് സാധാരമയായി ലോക അല്‍ഷിമേര്‍സ് ദിനമായി ലോകം ആചരിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ സംപ്റ്റംബറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതായത് 2012 ലെ സെപ്റ്റംബര്‍ മാസത്തെ ലോക അല്‍ഷിമേര്‍സ് മാസമായി കൂടി ആചരിക്കുന്നുണ്ട്. ‘ഡെമന്‍ഷിയ: നമുക്ക് ഒരുമിച്ച് ജീവിക്കാം’ എന്നതാണ് ഈ മാസത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെട്ട മുദ്രാവാക്യം.

അതെ കൂട്ടുകാരെ.. ഓര്‍മ്മകളുടെ കഴിഞ്ഞകാലം ഉപേക്ഷിച്ച ഈ മനുഷ്യര്‍ക്കായി നമുക്കും ഉയര്‍ത്തിപ്പിടിക്കാം.. ‘അല്‍ഷിമേര്‍സ്: നമുക്ക് ഒരുമിച്ച് ജീവിക്കാം.’ അവര്‍ക്കായി നമുക്ക് ഒരുമിക്കാം എന്ന പ്രതിജ്ഞകൂടി എടുക്കാം….


പ്യൂപ്പയിലെ മറ്റ് ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..


 

Advertisement