ആലുവ: സഭാ തര്‍ക്കത്തെ തുടര്‍ന്ന് 32 വര്‍ഷം അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ശേഷം തുറന്നു. കലക്ടറുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പള്ളി തുറന്നത്. തുറക്കുന്നതിന് മുമ്പ് കലക്ടര്‍ ഇരു നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി. പള്ളി ഇന്നും നാളെയും ആരാധനക്ക് തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇന്നു രാവിലെ ഏഴു മണി മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് സഭാ വിഭാഗത്തിന് പള്ളിയില്‍ പ്രവേശി്ക്കാം. ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗത്തിനാണ് പ്രവേശനം. ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസും മറ്റു രണ്ടു പേരും നല്‍കിയ ഹരജി
പരിഗണിച്ചാണ് പള്ളി തുറക്കാനുള്ള കോടതി ഉത്തരവ്.

നിരീക്ഷണത്തിനായി അഭിഭാഷകനെ നിയമിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 400 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ചെറു സംഘങ്ങളായി മാത്രമേ വിശ്വാസികള്‍ പളളിയില്‍ കയറാന്‍ പാടുളളുവെന്ന നിരേ#ദേശവും നല്‍കിയിട്ടുണ്ട്.