കണ്ണൂര്‍ : സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് കൂടിയതായി പഠന റിപ്പോര്‍ട്ട്. ഓസോണ്‍ പാളികളിലുണ്ടായ സ്ഥാനചലനമാണ് ഇതിന് കാരണമായി പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ അന്തരീക്ഷ പഠന വിഭാഗത്തിന്റെതാണ് കണ്ടെത്തലുകള്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അന്തരീക്ഷത്തിന്റെ താളക്രമത്തില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. ഓസോണ്‍ പാളികളില്‍ സ്ഥാനചലനമുണ്ടായി. ഇത് മൂലം ഭൂമിയിലേക്ക് പതിക്കുന്ന അള്‍ട്രാവയലറ്റ് ബി , സി രശ്മികളുടെ അളവ് കൂടി. അള്‍ട്രാവയലറ്റ് രശ്മികള്‍ വര്‍ധിച്ചതാണ് വേനല്‍ അസഹ്യമാക്കുന്നതിനും സൂര്യഘാതം ഉള്‍പ്പെടെയുള്ള പ്രതിഭാസത്തിനും കാരണമായത്.

ശരീരത്തിന് താങ്ങാവുന്ന അള്‍ട്രാവയലററ് രശ്മിയുടെ അളവ് ആറ് യൂനിറ്റാണ്. പത്ത് യൂനിറ്റ് വരെ അള്‍ട്രാവയലറ്റ് രശ്മികളാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കുന്നത്.

അള്‍ട്രാവയലറ്റ് രശ്മി വര്‍ധിച്ചതോടെ 20 മിനുട്ട് വരെ തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന കാററിന്റെ ക്രമം തെറ്റിയതും,അന്തരീക്ഷ ഈര്‍പ്പം കുറഞ്ഞതും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത ചൂടിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.