എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അല്‍തമാസ് കബീര്‍ ചുമതലയേറ്റു
എഡിറ്റര്‍
Saturday 29th September 2012 1:50pm

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അല്‍തമാസ് കബീര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Ads By Google

ഏറ്റവും മുതിര്‍ന്ന ജഡ്ജി ചീഫ് ജസ്റ്റിസാകുക എന്ന കീഴ്‌വഴക്കമനുസരിച്ചാണ് അദ്ദേഹം ഇന്ത്യന്‍ നീതിന്യായ രംഗത്തെ പരമോന്നത പദവിയിലെത്തുന്നത്.

എസ്.എച്ച്. കപാഡിയ വെള്ളിയാഴ്ച വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് കബീര്‍ ഇന്ത്യയുടെ 39ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. കബീറിന് അടുത്ത ജൂലായ് 19 വരെ തുടരാം.

2005ലാണ് സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കബീര്‍ നിയമിക്കപ്പെട്ടത്. 1990 ആഗസ്ത് ആറിന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരംജഡ്ജിയായി നിയമിതനായി. 2005ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് കബീര്‍,  ബംഗ്ലാദേശിലെ ഫരീദ്പുരില്‍ 1948 ജൂലായ് 19നാണ് ജനിച്ചത്. മുസ്‌ലിം സമുദായത്തില്‍നിന്ന് സുപ്രീം കോടതി ചീഫ്ജസ്റ്റിസാകുന്ന നാലാമത്തെ വ്യക്തിയാണ് അദ്ദേഹം.

ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന ജഹാംഗീര്‍ കബീറിന്റെ മകനാണ് കബീര്‍. ഡാര്‍ജിലിങ്ങിലെ മൗണ്ട് ഹെര്‍മോണ്‍ സ്‌കൂള്‍, കൊല്‍ക്കത്ത ബോയ്‌സ് സ്‌കൂള്‍, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ജഹാംഗീര്‍ കബീറിന്റെ സഹോദരനായിരുന്നു മുന്‍ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീര്‍.

Advertisement