ന്യൂദല്‍ഹി: കേന്ദ്ര ടുറിസം സഹമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം തന്നെ ബീഫ് വിഷയത്തില്‍ പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ബീഫ് കഴിക്കുന്നവര്‍ തുടര്‍ന്നും കഴിക്കുമെന്നും ആരും തന്നെ ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് തുടര്‍ന്നും വില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിലും അതേ പോലെ തുടരും
ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും കല്‍പ്പിച്ചിട്ടില്ല. എതെങ്കിലും സ്ഥലത്തെ ആഹാര രീതി എങ്ങിനെയാവണമെന്ന് നിര്‍ബന്ധിക്കുകയുമില്ല. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിക്കുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.


Also Read  ജി.എസ്.ടി രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ബീഫ് കഴിക്കുന്നവര്‍ക്കെതിരെ വ്യാപക അതിക്രമങ്ങള്‍ ഇന്ത്യയില്‍ ഉടനീളം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇതിനെതിരെ കേരളത്തില്‍ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വന്നു. തുടര്‍ന്ന് കേരളത്തിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. ഈ അവസരത്തിലാണ് മന്ത്രിയുടെ ഇത്തരത്തില്‍ ഉള്ള പ്രതികരണം പുറത്ത് വരുന്നത്.
മന്ത്രിസഭാ പുന:സംഘടനയില്‍ കേരളത്തില്‍ നിന്നും കുമ്മനമടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍വന്നിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ദേശീയ നിര്‍വാഹക സമിതിയംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ക്രൈസ്തവ ന്യൂനപക്ഷവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗവുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.