തിരുവനന്തപുരം: പാമോയില്‍ ഇറക്കുമതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടയതിനാണ് തന്നെ ദല്‍ഹിയിലേക്ക് സ്ഥലം മാറ്റിയതെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനം. പാമോയില്‍ കേസ് അന്വഷണത്തോട് സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാറിന് പാമോയില്‍ ഇറക്കുമതിയില്‍ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അതിനെ എതിര്‍ത്തതിനാണ് തന്നെ ദല്‍ഹിയിലേക്ക് അയച്ചത്. സംസ്ഥാനത്തിന്റെ ചിരിത്രത്തില്‍ ആദ്യമായാണ് ഒരു ഐ.എ.എസുകാരനെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശ പ്രകാരമാണു കരാറില്‍ ഒപ്പിട്ടത്. മന്ത്രിസഭയ്ക്ക് ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്തം ഉണ്ട്. ക്രമക്കേട് ചൂണ്ടിക്കാട്ടിയതുകൊണ്ടു മാത്രമാണ് താന്‍ കേസില്‍ പ്രതിയാകാത്തത്- പുതുക്കാട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാമോയില്‍ അഴിമതിക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്ന വേളയില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, മൂന്നാം പ്രതിയായ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, നാലാം പ്രതിയായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, അഞ്ചാം പ്രതിയായ മുന്‍ സിവില്‍ സപ്ലൈസ് എം.ഡി. ജിജി തോംസണ്‍ തുടങ്ങിയവര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജികളിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ തുടരന്വേഷണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്കു തുടക്കമിട്ടത്.