ന്യൂദല്‍ഹി: അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണന്താനത്തെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമാക്കിയതായി ഗഡ്കരി അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കണ്ണന്താനത്തിന് ഇക്കുറി പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നാടകീയമായി മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് കണ്ണന്താനം അറിയിക്കുകയായിരുന്നു.വി.എസിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്ത് നിന്നും പിന്മാറുന്നതെന്നാണ് കണ്ണന്താനം പറഞ്ഞത്.

Subscribe Us:

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ജോലി രാജിവെച്ചാണ് 2006 ല്‍ മത്സരിച്ചത്.

‘ബി.ജെ.പിയുടെ വികസന സങ്കല്‍പ്പത്തില്‍ ആകൃഷ്ടനായി’

സര്‍വ്വീസില്‍ നിന്ന് വിരമിച്ച് 32 ദിവസമാവുമ്പോഴേക്കും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനെത്തിയ ആളാണ് അല്‍ഫോണ്‍സ് കണ്ണന്താനം. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ‘ ബി.ജെ.പിയുടെ വികസന നയങ്ങളില്‍ താന്‍ ഏറെ ആകൃഷ്ടനായെന്ന് കണ്ണന്താനം പറയുന്നു.

ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം നിയമസഭാംഗത്വം രാജിവെച്ചു. ‘ ഇന്ത്യയുടെ സാധ്യതയില്‍ എനിക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ട്. ബി.ജെ.പി വികസനത്തിന്റെ പാതയിലാണെന്ന് ഞാന്‍ കരുതുന്നു’ – കണ്ണന്താനം പറയുന്നു.

‘ അല്‍ഫോണ്‍സിന് ക്ലീന്‍ ഇമേജുണ്ട്. മാറ്റത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തിനുള്ളത്. ഞാന്‍ അദ്ദേഹത്തെ ബി.ജെ.പി നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമായി നിയമിക്കുന്നു- ഗഡ്കരി വ്യക്തമാക്കി.