തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. ഇതിനായി ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സംഘം യാത്രതിരിച്ചു. സംഘത്തില്‍ അഞ്ച് മന്ത്രിമാരും അഞ്ച് പ്രതിപക്ഷ നേതാക്കളും ഉണ്ട്. വൈകിട്ട് നാലിനാണ് സംഘം പ്രധാനമന്ത്രിയെ കാണുന്നത്.

എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് മന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. കൂടാതെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഒപ്പുവച്ച നിവേദനവും സംഘം പ്രധാനമന്ത്രിയ്ക്ക് കൈമാറും.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് യാത്രതിരിക്കും മുന്‍പ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളും, മാധ്യമപ്രവര്‍ത്തകരും കാസര്‍കോടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.