തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

സ്‌ക്കൂളുകളിലെ അതേ കോമ്പനിനേഷനുകളില്‍ തന്നെയാവണം ഹയര്‍സെക്കണ്ടറിയിലും ബാച്ചുകള്‍ അനുവദിക്കേണ്ടതെന്ന് ജൂണ്‍ 15ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാച്ചുകള്‍ അനുവദിക്കപ്പെട്ട മിക്ക സ്ഥാപനങ്ങളിലും പുതിയ കോമ്പിനേഷനുകളിലാണ് ബാച്ച് അനുവദിച്ചിരിക്കുന്നത്. ഇതുമൂലം എയ്ഡഡ് കോളേജുകളില്‍ മാത്രമായി 600 ഓളം അധ്യാപക തസ്‌കികകളാണ് രൂപപ്പെട്ടിട്ടുള്ളത്. അധ്യാപക തസ്തികയിലേക്ക് പുതിയ ആളുകളെ നിയമിക്കുന്നതുവരെ ലക്ഷങ്ങളാണ് മാനേജ്‌മെന്റിന് ലഭിക്കുക.

ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍ഗണനയും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ പുതിയ ബാച്ചുകള്‍ അനുവദിച്ച 546 സ്‌ക്കൂളുകളില്‍ 349ഉം എയ്ഡഡ് സ്‌ക്കൂളുകളാണ്. ഇതിനു പുറമേ വേണ്ടത്ര ഭൗതിക സാഹചര്യമുണ്ടോയെന്ന പരിശോധനയും നടത്തിയിട്ടില്ല. ബാച്ചുകള്‍ അനുവദിച്ച മിക്ക സ്‌ക്കൂളുകളിലും ടോയ്‌ലറ്റ് സൗകര്യംവരെ കുറവാണ്.

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളില്‍ 6,000ത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്.