എഡിറ്റര്‍
എഡിറ്റര്‍
‘അലര്‍ജി’യാകുന്ന അലര്‍ജി
എഡിറ്റര്‍
Sunday 24th November 2013 3:16pm

allergy

അലര്‍ജി നമ്മളില്‍ പലര്‍ക്കും ഉണ്ടായിരിക്കും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും. തുമ്മല്‍, തലവേദന തുടങ്ങി പല രീതികളിലൂടെയാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്.  സാധാരണഗതിയില്‍ അലര്‍ജി അത്ര ഉപദ്രവകാരിയല്ല. എന്നാല്‍ ചിലപ്പോഴൊക്കെ സ്വാഭാവികജീവിതത്തെ സ്വാധീനിക്കുന്ന വിധത്തില്‍ അലര്‍ജി വില്ലനാകും. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുകയും അലര്‍ജി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

ആദ്യം അലര്‍ജി എന്നു പറഞ്ഞാല്‍ എന്താണെന്ന് നോക്കാം.

അലര്‍ജി വാസ്തവത്തില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ലളിതമായി പറഞ്ഞാല്‍ ശരീരത്തിന്റെ അമിത പ്രതികരണമാണ് അലര്‍ജി. ചില പദാര്‍ത്ഥങ്ങള്‍ ദോഷകരമാണെന്ന്് ശരീരം തീരുമാനിക്കുകയും അവയ്‌ക്കെതിരെ തീവ്രമായി പ്രതികരിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് അലര്‍ജി എന്ന് നമ്മള്‍ പറയുന്നത്.

ഇത് പല രീതിയിലും പ്രത്യക്ഷപ്പെടാം. തുമ്മലോ തലവേദനയോ ചൊറിച്ചിലോ മുതല്‍ മാരകമായ അനാഫിലാക്‌സിസ് എന്ന രോഗാവസ്ഥ വരെയാകാം.

ഇങ്ങനെ അലര്‍ജിയ്ക്ക് കാരണമാകുന്ന വസ്തുക്കളെ അലര്‍ജന്റ്്‌സ് എന്നാണ് പറയുക.

വൈറസ്, ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുമ്പോഴാണ് സാധാരണയായി നമുക്ക് രോഗങ്ങള്‍ വരുന്നത്. ദോഷകരമെന്ന് ശരീരം കരുതുന്ന ഏതു വസ്തുവുമായി ബന്ധപ്പെടുമ്പോഴും ശരീരത്തിലെ ശ്വേതരക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇവ അലര്‍ജന്റ്‌സിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നു.

ഇങ്ങനെ അലര്‍ജന്റ്‌സും ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില രാസവസ്തുക്കളും സൃഷ്ടിക്കപ്പെടും. ഇവയാണ് മീഡിയേറ്റേഴ്‌സ്. ഇവയാണ് ശരീരത്തില്‍ തടിപ്പ് പോലെ കാണുന്ന അലര്‍ജിലക്ഷണങ്ങള്‍ക്ക് കാരണം.

അലര്‍ജിയുണ്ടാകുന്നത് എങ്ങനെയെന്ന് ഇനി പരിശോധിക്കാം.

അലര്‍ജന്റ്‌സിന്റെ സാന്നിധ്യത്തില്‍ ശരീരം ആന്റിബോഡീസ് ഉല്‍പാദിപ്പിക്കുമെന്ന് പറഞ്ഞല്ലോ. ഓരോ ആന്റിജന്‍സ് അല്ലെങ്കില്‍ അലര്‍ജന്റ്‌സിന് വേണ്ടിയും ശരീരം ഓരോ തരം ആന്റിബോഡിയാണ് ഉല്‍പാദിപ്പിക്കുന്നത്.

ഇതിനെ കൈകാര്യം ചെയ്യാന്‍ ശരീരം തയ്യാറെടുത്തിട്ടുണ്ടാവും. അലര്‍ജന്റ്‌സിനെ തിരിച്ചറിയുമ്പോള്‍ തന്നെ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും. അലര്‍ജി എന്ന അവസ്ഥയ്ക്ക് കാരണം ഇതാണ്.

അലര്‍ജിയുടെ പ്രധാനകാരണങ്ങള്‍

അലര്‍ജിയ്ക്ക് പല കാരണങ്ങളുമുണ്ട്.  അതില്‍ പ്രധാനം പാരമ്പര്യം തന്നെയാണ്.
മാതാപിതാക്കളില്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്കും അലര്‍ജിയുണ്ടാകാന്‍ 50 ശതമാനം സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 75 ശതമാനമാണ്.

പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

മാറിയ ജീവിതശൈലികളും സാഹചര്യങ്ങളും അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്. ജങ്ക് ഫുഡിന്റെയും മായം കലര്‍ന്ന ഭക്ഷണത്തിന്റെയും ഉപയോഗം  അലര്‍ജിയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല ഭക്ഷണങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന വസ്തുക്കള്‍ അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്.

ചെറിയ പ്രായത്തില്‍ അമിതമായി ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വരുന്നവരില്‍ അലര്‍ജിയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ജനിച്ച ആറ് മാസത്തിനുള്ളില്‍ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വന്നവരില്‍ അലര്‍ജി വരാനുള്ള സാധ്യത അമ്പതു ശതമാനത്തിലധികമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴും അലര്‍ജി വരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, കൂടുതല്‍ നിയന്ത്രിക്കുക, ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവ്, അമിതമായ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെയാണ്. അപ്പോഴും അലര്‍ജിയ്ക്ക് സാധ്യത വര്‍ദ്ധിക്കും.

ആഗോളതാപനവും അലര്‍ജിസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനങ്ങളില്‍ തെളിയുന്നു. ഉയര്‍ന്ന താപനിലയും അപ്രതീക്ഷിത മഴയുമാണ് പ്രധാന കാരണങ്ങള്‍.

അലര്‍ജി കണ്ടെത്താന്‍ എന്തൊക്കെയാണ് മാര്‍ഗങ്ങള്‍ എന്നറിയേണ്ടതും അത്യാവശ്യമാണ്.

ഇതിനായി ഇന്ന് പലവിധ ടെസ്റ്റുകളുമുണ്ട്. ഏതൊക്കെ വസ്തുക്കളോടാണഅ ശരീരം അമിതമായി പ്രതികരിക്കുന്നതെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകളാണ് അലര്‍ജി സ്‌കിന്‍ ടെസ്റ്റ്. രക്തപരിശോധനയിലൂടെയും അലര്‍ജന്റ്‌സിനെ കണ്ടെത്താം. എന്നാല്‍ സ്‌കിന്‍ ടെസ്റ്റിന്റെ അത്ര കൃത്യമാവില്ല ഇത്.

തൊലിപ്പുറത്തുള്ള അലര്‍ജിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്‌കിന്‍ പാച്ച് ടെസ്റ്റ് സഹായിക്കും.

അലര്‍ജി ഒഴിവാക്കാന്‍ എന്തു ചെയ്യണം?

അലര്‍ജി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് വഴി. എങ്കിലും ചില കാര്യങ്ങളില്‍ കരുതലെടുക്കാം

1. കുഞ്ഞുങ്ങള്‍ക്ക് ആറുമാസം വരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം.
2. പൊടി അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാര്‍പ്പറ്റ്, ചവിട്ടുമെത്ത എന്നിവ വൃത്തിയായി സൂക്ഷിക്കുക
3. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി വെയ്ക്കുകയും പൊടി ശ്വസിക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.
4. ബാത്‌റൂം പോലെ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.
5. കൃത്രിമഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രകൃതിദത്ത ആഹാരങ്ങള്‍ ശീലമാക്കുക.
6. അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക.
7. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുക.
8. സിഗററ്റ് പുക ശ്വസിക്കരുത്. പുകയിലുള്ള ടോക്‌സിക് കെമിക്കല്‍സ് അലര്‍ജി വര്‍ദ്ധിപ്പിക്കും.

Advertisement