തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേമന്റ് സീറ്റ് വിവാദത്തില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് വിധേയനാകണം. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണവുമായി രാമചന്ദ്രന്‍ മാസ്റ്റര്‍ സഹരിക്കണം.

കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരാണെന്നും കോടിയേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാനെ പി.ജയരാജന്‍ മര്‍ദ്ദിച്ചിട്ടില്ല. പ്രശ്‌നം അവസാനിപ്പിക്കാനാണ് ജയരാജന്‍ ശ്രമിച്ചത്. എന്നാല്‍, സംഭവം മാധ്യമങ്ങള്‍ വളച്ചൊടിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ്സെടുത്തത് ലീഗ് നേതാവ് മുനീര്‍ ചെയര്‍മാനായ ചാനല്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

കരുനാഗപ്പള്ളി സംഭവം മന്ത്രി ദിവാകരനെതിരെ കെട്ടിച്ചമച്ചതാണ്. സംഭവം നടക്കുമ്പോള്‍ ദിവാകരന്‍ സ്ഥലത്തില്ലായിരുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പി.ശശിക്കെതിരെയുള്ള ആരോപണം കഴമ്പില്ലാത്തതാണ്. കുറ്റക്കാരെ സംരക്ഷിക്കുന്നവരല്ല ഇടതുപക്ഷ പ്രസ്ഥാനം.

ആരോപണ വിധേയരെ യു.ഡി.എഫ് സംരക്ഷിക്കുകയാണെന്നും അവരെ എഴുന്നള്ളിച്ചു നടത്തിക്കുകയാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.