എഡിറ്റര്‍
എഡിറ്റര്‍
സമരം ചെയ്തതിന്റെ പേരില്‍ എന്‍.സി.സിയില്‍ നിന്ന് പുറത്താക്കി: ആരോപണവുമായി കെ.എം.സി.ടി കോളജ് വിദ്യാര്‍ഥി
എഡിറ്റര്‍
Monday 13th February 2017 3:42pm

kmct

കോഴിക്കോട്: സമരം ചെയ്‌തെന്നാരോപിച്ച് എന്‍.സി.സിയില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണവുമായി വിദ്യാര്‍ഥി. കോഴിക്കോട് കെ.എം.സി.ടി കോളജ് വിദ്യാര്‍ഥിയായ രോഹിത്താണ് എന്‍.സി.സി ഓഫീസര്‍ അമല്‍ജിത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ബെഞ്ചില്‍ നിന്നെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയ്ക്ക് 1000 രൂപ ഫൈന്‍ ഏര്‍പ്പെടുത്തിയതിനെതിരെ ജനുവരി 13ന് കോളജില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തതിന്റെ പേരിലാണ് തന്നെ എന്‍.സി.സിയില്‍ നിന്ന് പുറത്താക്കിയതെന്ന് രോഹിത് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘ജനുവരി 13 വെള്ളിയാഴ്ചയാണ് സമരം തുടങ്ങിയത്. അന്ന് പൊലീസ് കാവലുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് സമരം ചെയ്യാന്‍ കഴിഞ്ഞില്ല. ജനുവരി 16ാം തിയ്യതി രാവിലെ സമരം പുനരാരംഭിച്ചു. പിന്നീട് ചര്‍ച്ച വിളിച്ചിരുന്നു. ചര്‍ച്ചയില്‍ ഞങ്ങളുടെ ഡിമാന്റ്‌സ് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ ഫെബ്രുവരി ഒന്നാം തിയ്യതി വീണ്ടും സമരം ആരംഭിച്ചു. അന്ന് സമരവേദിക്കരികില്‍ ഒരു കസേരയില്‍ ഞാനിരിക്കുന്നത് ആരോ ഫോട്ടോയെടുക്കുകയും ഇത് എന്‍.സി.സി അധ്യാപനെ കാണിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് എന്നെ പുറത്താക്കിയത്.’ രോഹിത് പറഞ്ഞു.

എന്നാല്‍ പുറത്താക്കിയ കാര്യം രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും രോഹിത് പറയുന്നു. ‘എന്‍.സി.സിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പുണ്ട്. അതില്‍ നിന്നും എന്നെ പുറത്താക്കി. സമരത്തില്‍ പങ്കെടുത്തെന്ന കാരണത്താല്‍ ഇയാളെ പുറത്താക്കിയെന്നാണ് വിശദീകരണം ലഭിച്ചത്.’ രോഹിത് വിശദീകരിക്കുന്നു.

പിന്നീട് ഡി.വൈ.എസ്.പിയെ കണ്ട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ചര്‍ച്ചയ്ക്കു വിളിക്കുകയും എന്നെ തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഇതുവിശ്വസിച്ച് എന്‍.സി.സിയുടെ ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ പോയ തന്നെ എന്‍.സി.സി ഓഫീസര്‍ അതിന് അനുവദിച്ചില്ലെന്നും രോഹിത് പറഞ്ഞു.

തുടര്‍ന്ന് ഡി.വൈ.എസ്.പിയെ വിളിച്ച് ഇക്കാര്യം അറിയിച്ചു. പിന്നീട് പറഞ്ഞത് അപേക്ഷയെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാം എന്നാണ്. ഇതനുസരിച്ച് അപേക്ഷയെഴുതി നല്‍കി. എന്‍.സി.സിയുടെ ബി സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതാനുള്ള അപേക്ഷയും നല്‍കി. എന്നാല്‍ എന്‍.സി.സി ഓഫീസര്‍ പരീക്ഷയെഴുതേണ്ടയെന്ന് തന്നോട് പറഞ്ഞെന്നും രോഹിത് പറഞ്ഞു.

കെ.എം.സി.ടിയില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് രോഹിത്.

Advertisement