എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം: കുഞ്ഞിനെ ഏറ്റെടുക്കാന്‍ വ്യാജരേഖയുണ്ടാക്കി, 16കാരിയുടെ പ്രായം 18 ആക്കി തിരുത്തി വയനാട് സി.ഡബ്ല്യു.സി
എഡിറ്റര്‍
Saturday 4th March 2017 10:31am

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ പ്രായം തിരുത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പ്രായം 16 എന്നത് 18 ആക്കി തിരുത്തുകയായിരുന്നു.

നവജാത ശിശുവിനെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചട്ടംലംഘിച്ചാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനായി സി.ഡബ്ല്യു.സി വ്യാജരേഖയുണ്ടാക്കിയെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും മാമോദിസ രേഖയിലും പ്രായം 16 എന്നത് 18 ആക്കി തിരുത്തുകയായിരുന്നു. വ്യാജരേഖയുതിരുത്തിയ രേഖയില്‍ സി.ഡബ്ലു.സി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം ഒപ്പുവെച്ചു.

സി.ഡബ്ല്യു.സിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. റിപ്പോര്‍ട്ടു ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടി പ്രസവിച്ചതിനുശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആരോ വിവരമറിയിക്കുകയും ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് വൈദികനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വൈദികന്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വൈദികനു പുറമേ സംഭവം മറച്ചുവെച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനെതിരെയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കൈമാറിയ വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ പൊലീസ് കഴിഞ്ഞദിവസം കേസ് എടുത്തിയിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗവിവരവും പ്രസവ വിവരവും മറച്ചുവെച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Advertisement