എഡിറ്റര്‍
എഡിറ്റര്‍
‘ഇതാണ് സര്‍ക്കാര്‍ പുതുതായി അനുമതി നല്‍കിയ ബെള്ളൂരിലെ എയ്ഡഡ് കോളേജ്’; എന്‍ഡോസള്‍ഫാന്റെ മറവില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ കൊള്ളയോ?
എഡിറ്റര്‍
Thursday 13th July 2017 8:24pm

ബദിയഡുക്ക: കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ തീരുമാനത്തില്‍ സംസ്ഥാനത്ത് മൂന്ന് എയ്ഡഡ് കോളേജുകള്‍ അനുവദിച്ചിരുന്നു. അതിലൊരു കോളേജ് കാസര്‍ ഗോഡേ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായ ബെള്ളൂര്‍ പഞ്ചായത്തിലാണ്.എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനം എന്ന രീതിയില്‍ കൂടിയാണ് ഈ കോളേജിന് അനുമതി ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ഒരു എയ്ഡഡ് കോളോജിന് ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ അങ്ങനെയൊരു കോളേജിന്റെ അവശ്യകതയോ ഇല്ലാത്തിടത്താണ് സര്‍ക്കാര്‍ കോളേജ് അനുവദിച്ചിരിക്കുന്നത് എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

അനുമതി ലഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മതിയെന്നാണ് നിയമം. ഈ ആനുകൂല്യം കൂടി ഉപയോഗിച്ചാണ് കോളേജ് അനുമതി നേടിയെടുത്തത്. തീരുമാനത്തിന് പിന്നില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടമാണെന്നും ആരോപണമുന്നയിക്കുകയാണ് പ്രതിഷേധക്കാര്‍. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ ട്രസ്റ്റാണ് കോളേജ് മാനേജ്‌മെന്റ്. ഇവര്‍ക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുക മാത്രമാണ് നീക്കത്തിന് പിന്നിലെന്നാണ് ആരോപണം.


Also Read:  ‘വെങ്ങാട് യു.പി സ്‌കൂള്‍ മുറ്റത്തെ കലൂര്‍ സ്റ്റേഡിയമാക്കി മാറ്റി വിനീത്’; പഴയ സ്‌കൂള്‍ മുറ്റത്ത് കൊച്ചനുജന്മാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് അവരിലൊരാളായി സി.കെ വിനീത്, വീഡിയോ


എസ്.എഫ.്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എയ്ഡസ് കോളേജുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു നല്‍കണമെന്ന ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്റര്‍ അകലെയാണ് കര്‍ണാടക അതിര്‍ത്തി. ഇവിടേയ്ക്ക് എത്തിപ്പെടാന്‍ കൃത്യമായ ഗതാഗത സംവിധാനം പോലുമില്ല. ജനവാസ മേഖലയല്ലാത്ത ഇവിടെ കോളേജ് സ്ഥാപിക്കാനുള്ള കാരണം സ്ഥലത്തിന്റെ വിലക്കുറവ് മാത്രമാണ്. കേവലം 4,000 രൂപയാണ് ഇവിടെ സ്ഥലത്തിന്റെ വില.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ഈ പ്രദേശത്ത് തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന ആവശ്യമാണ് പ്രാദേശിക സി.പി.ഐ.എം ഘടകം അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ശരിയായ ചികിത്സാ കേന്ദ്രങ്ങളും ബഡ്‌സ് സ്‌കൂളുമടക്കമുള്ള സംവിധാനങ്ങളും ആരംഭിക്കണമെന്ന സമരസമിതിയുടെ ആവശ്യം നിലനില്‍ക്കെയാണ് ഇതൊന്നും പരിഗണിക്കാതെ സര്‍ക്കാര്‍ ഇവിടൊരു എയ്ഡഡ് കോളേജ് അനുവദിച്ചത്.

അടുത്ത വര്‍ഷം മുതലായിരിക്കും കോളേജില്‍ പ്രവേശനം ആരംഭിക്കുക. മൂന്ന് കോഴ്‌സ് എങ്കിലും അനുവദിക്കപ്പെടുമെന്നുറപ്പാണ്. ഇതോടെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിലും അധ്യാപകരായി കുറഞ്ഞത് പതിനഞ്ചു പേരെയെങ്കിലും നിയമിക്കാനും നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കാനും സാധിക്കും. വേണ്ടത്ര സൗകര്യങ്ങള്‍ പോലുമില്ലാതെ നടത്തുന്ന കോളേജിലെ അഡ്മിഷന്റേയും ജോലിയുടെയും പേരില്‍ മാനേജ്‌മെന്റിന് ഇതോടെ കോടിക്കണക്കിന് രൂപ സ്വന്തമാക്കുകയും ചെയ്യാം.

Advertisement