Categories

മുപ്പത് നാല്‍പ്പത് തവണ എളമരം കരീമിനെ കണ്ട് പരാതി പറഞ്ഞു: പരാതിക്കാരന്‍

elamaram-kareem

കോഴിക്കോട്: ഭൂമി തട്ടിപ്പില്‍ ഇരയായവര്‍ നിരവധി തവണ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെ ചെന്ന് കണ്ടെന്ന് തട്ടിപ്പിന് ഇരയായ മൊയ്തീന്‍കുട്ടി ഹാജി. നൗഷാദില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് എളമരം കരീമിനെ ചെന്നു കണ്ടതെന്നും മൊയ്തീന്‍കുട്ടി പറയുന്നു.

ഓരോ തവണ പോകുമ്പോഴും അടുത്ത തവണ ശരിയാക്കിത്തരാം എന്നാണ് പറഞ്ഞത്. വീണ്ടും ചെന്നപ്പോള്‍ സി.പി.ഐ.എം ജില്ലാസെക്രട്ടറി ടി.പി രാമകൃഷ്ണനെ കാണാന്‍ പറഞ്ഞു.

ടി.പിയുടെ അടുത്ത് എത്തിയപ്പോള്‍ ഇങ്ങനെയൊരു കാര്യം തനിക്ക് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുപ്പത് നാല്‍പ്പത് തവണ തങ്ങള്‍ കരീമിനെ ചെന്നുകണ്ടിട്ടുണ്ട്. മാന്യമായാണ് അദ്ദേഹം സംസാരിച്ചത്.

അവസാനം പോയപ്പോള്‍ താങ്കളുടെ പേര് കേട്ടിട്ടാണ് ഇതില്‍ പെട്ടത് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ പറഞ്ഞ് ഭീഷണിപ്പെടുത്തേണ്ട എന്നായിരുന്നു മറുപടി. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തോളം കരീമിനെ സമീപിച്ചിട്ടുണ്ട്.

മാന്യനായ ഒരാളെ വിശ്വസിച്ചു. ആ വിശ്വാസത്തില്‍ ഞങ്ങളുടെ സമ്പാദ്യമെല്ലാം പോയി. നൗഷാദിന്റെ ബന്ധുവും സമൂഹത്തില്‍ ഉന്നതനിലയിലുമുള്ളയാളെന്ന നിലയില്‍ കരീമിന് ഇതില്‍ ബാധ്യതയുണ്ടെന്നും മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു.

എളമരം കരീമിന്റെ ബന്ധുവും വിശ്വസ്തനുമായ നൗഷാദ് കരീം മന്ത്രിയായിരുന്ന സമയത്ത് ക്വാറി ഉടമകളില്‍ നിന്ന് 47 ഏക്കറോളം ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം.

തന്റെ അകന്ന ബന്ധുവായ നൗഷാദ് നടത്തിയ ഭൂമി ഇടപാടിനെക്കുറിച്ച് അറിയില്ലെന്നാണ് എളമരം കരീം നേരത്തെ വിശദീകരിച്ചത്. എന്നാല്‍ ഭൂമി തട്ടിപ്പിനിരയായവര്‍ എളമരം കരീമിന്റെ വീട്ടിലെത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ വിഷയത്തില്‍ കരീമിനുള്ള കൂടുതല്‍ പങ്ക് വ്യക്തമാവുകയാണ്.

എളമരം കരിമിനു വേണ്ടി നൗഷാദ് അഞ്ചു കോടി രൂപ വാങ്ങിയതായി അദ്ദേഹത്തിന്റെ മുന്‍ഡ്രൈവറായ സുബൈര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ കരീമുമായി അടുത്ത ബന്ധമുണ്ടെന്ന് നൗഷാദ് സമ്മതിച്ചെങ്കിലും താന്‍ അഞ്ച് കോടി രൂപ വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പണമിടപാടുമായി മസ്‌ക്കറ്റ് ഹോട്ടലില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.