അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേര്‍  മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും കുംഭമേളക്കെത്തിയവരാണ്. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. മരിച്ചവരില്‍ അധികവും സ്ത്രീകളും പ്രായം കൂടിയവരുമാണ്.

Ads By Google

കുംഭമേള നടക്കുന്ന 12ാം സെക്ടറിലാണ് അപകടം നടന്നത്. കുളി കഴിഞ്ഞ് കയറുന്നതിനിടെ ആറാം നമ്പര്‍ പ്ലാറ്റ് ഫോമിലെ നടപ്പാലത്തിന്റെ കൈവരി തകര്‍ന്നാതാണ് അപകട കാരണം. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാഹാ കുംഭമേളയിലെ  പ്രധാനപ്പെട്ട മൗനി അമാവാസിയായിരുന്നു ഇന്നലെ നടന്നത്. ട്രെയിന്‍ വരുന്നതിനെ പറ്റി അറിയിപ്പ് വന്നപ്പോള്‍ ആളുകള്‍ നടപ്പാലത്തിലുടെ തിക്കി ഓടുകയായിരുന്നു. ആസമയത്ത് കമ്പിയഴി പൊളിഞ്ഞു വീണതാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമായത്.

തിരക്ക് കൂടിയപ്പോള്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ പോലീസ് തിരക്ക് നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് മരണ സംഖ്യ കൂട്ടിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സംഭവത്തെകുറിച്ചന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

സംഭവത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അനുശോചനം രേഖപ്പെടുത്തി. കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്.  ഉത്തര്‍പ്രദേശ് പോലീസിനെ കൂടാതെ കേന്ദ്ര അര്‍ധ സൈനികവിഭാഗത്തില്‍പ്പെട്ട 15,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.