എഡിറ്റര്‍
എഡിറ്റര്‍
അറബിക്കടലിനരികെ ചെങ്കലിരമ്പുന്നു…
എഡിറ്റര്‍
Monday 9th April 2012 11:51am

കോഴിക്കോട്: എല്ലാ പാതകളും കോഴിക്കോട്ടേക്കാണ്. വൈകീട്ട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മുതല്‍ തന്നെ പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറം ജനനിബിഡമായിക്കഴിഞ്ഞു.

ഉച്ചതിരിഞ്ഞ് നടക്കുന്ന പടുകൂറ്റന്‍ റാലിയോടെയാണ് സമ്മേളനം സമാപിക്കുക. റെഡ് വളണ്ടിയര്‍ മാര്‍ച്ചും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയും ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരം ഇതുവരെ കാണാത്ത വിധത്തിലുള്ളതായിരിക്കുമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടകര്‍ പറയുന്നു.  ഇതിനെ ശരിവെക്കുംവിധം ഞായറാഴ്ചതന്നെ പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ സെന്റിനറി ഹാളിനു മുന്നിലേക്കും സമാപന സമ്മേളനം നടക്കുന്ന കടപ്പുറത്തെ എം.കെ. പാന്ഥെ നഗറിലേക്കും ജനമൊഴുകിയിരുന്നു.

കടപ്പുറത്ത് 35 അടി ഉയരത്തിലുള്ള വേദിയുടെ മിനുക്കുപണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. 150 അടി നീളവും 60 അടി വീതിയുമുള്ള സ്‌റ്റേജിന് മുകളില്‍ ലെനിന്‍, സ്റ്റാലിന്‍, മാര്‍ക്‌സ്,  ഏംഗല്‍സ് എന്നിവരുടെ കൂറ്റന്‍ രൂപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മധ്യത്തില്‍ ഭീമന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം. പത്തു ലക്ഷത്തോളം രൂപ ചെലവാക്കി നിര്‍മിക്കുന്ന വേദി നൂറിലേറെ തൊഴിലാളികള്‍ ഒരാഴ്ച സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്.

ഉച്ചക്ക് രണ്ടുമണിയോടെ കാല്‍ലക്ഷം ചുവപ്പുവളന്റിയര്‍മാര്‍ നഗരത്തിലെ മൂന്നു കേന്ദ്രങ്ങളില്‍നിന്ന് കടപ്പുറത്തേക്ക് മാര്‍ച്ച്‌ചെയ്യും. പൊതുപ്രകടനമുണ്ടാകില്ല. കേരളത്തിനകത്തും പുറത്തുനിന്നുമായി അഞ്ചുലക്ഷം പേരെങ്കിലും സമാപന സമ്മേളനത്തിനെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും കുടുംബസമേതം പങ്കെടുക്കും.  ഇവര്‍ ചെറുപ്രകടനങ്ങളായി കടപ്പുറത്തേക്ക് നീങ്ങും.

5000 വനിതകള്‍ ഉള്‍പ്പെട്ട ചെമ്പടയുടെ മാര്‍ച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, സ്‌റ്റേഡിയം, തളി സാമൂതിരി സ്‌കൂള്‍ എന്നീ മൈതാനങ്ങളില്‍നിന്ന് പുറപ്പെട്ട് സി.എച്ച് ഫൈ്‌ളഓവര്‍ വഴി കടപ്പുറത്ത് എത്തും. നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനസഞ്ചയം കടപ്പുറവും കവിഞ്ഞ് നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് നീങ്ങുമെന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ക്‌ളോസ്ഡ് സര്‍ക്യൂട്ട് സ്‌ക്രീനുകളും ഉച്ചഭാഷിണികളും സജ്ജീകരിച്ചിട്ടുണ്ട്. കടപ്പുറത്തും കൂറ്റന്‍ സ്‌ക്രീനുകളുണ്ടാകും.
ഈമാസം മൂന്നിന് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെങ്കൊടിയുയര്‍ത്തിയതോടെ ആരംഭിച്ച പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ പ്രതിനിധികളും പുതിയ കേന്ദ്രകമ്മിറ്റിപോളിറ്റ് ബ്യൂറോ അംഗങ്ങളും സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചു മണിക്ക് പുതിയ ജനറല്‍ സെക്രട്ടറിയായിരിക്കും സമ്മേളനം ഉദ്ഘാടനം ചെയ്യുക.

Advertisement