എഡിറ്റര്‍
എഡിറ്റര്‍
മൊസൂളില്‍ ഇറാഖും യു.എസ് സഖ്യവും എല്ലാതരം നിയമങ്ങളും ലംഘിച്ചു; യുദ്ധക്കുറ്റകൃത്യമാണിതെന്ന് ആംനസ്റ്റി
എഡിറ്റര്‍
Wednesday 12th July 2017 10:31am


മൊസൂള്‍: ഇറാഖില്‍ സേനയും യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യവും നടത്തിയ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധകുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍. മൊസൂള്‍ തിരിച്ചുപിടിച്ചതായി ഇറാഖി സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെ ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മൊസൂളിനുവേണ്ടിയുള്ള യുദ്ധത്തില്‍ യുദ്ധക്കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

പടിഞ്ഞാറന്‍ മൊസൂളില്‍ ഇറാഖി സൈന്യവും യു.എസ് സഖ്യവും നിയമവിരുദ്ധമായ ആക്രമണങ്ങള്‍ നടത്തിയെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇംപ്രൊവൈസ്ഡ് റോക്കറ്റ് അസിസ്റ്റഡ് മുനിഷന്‍സിനെ കൂടുതലായി ആശ്രയിച്ചുകൊണ്ട് ജനസാന്ദ്രത കൂടുതലുള്ള മേഖലകളെ പൂര്‍ണമായും താറുമാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ പോലും അനുയോജ്യമല്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ചും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതെയും ഒരുപാട് സാധാരണ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചില കേസുകളില്‍ ക്രമാതീതമായ ആക്രമണത്തിനു വഴിവെക്കുകയും ചെയ്തു.’ റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: ദിലീപ് ഫ്രോഡാണെന്ന കാര്യം പത്രത്തില്‍ വായിച്ചപ്പോഴാണ് അറിഞ്ഞത് ; അമ്മയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍


ഐസിസ് തീവ്രവാദികള്‍ പ്രദേശവാസികളെ മനുഷ്യകവചമായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമവാസികളെ ബലംപ്രയോഗിച്ച് പുറത്തിറക്കുകയും പശ്ചിമ മൊസൂളിലെ സംഘര്‍ഷ മേഖലകളില്‍ ഇവരെ മനുഷ്യകവചമായി ഉപയോഗിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷം വ്യാപിച്ചതോടെ അവര്‍ പൗരന്മാരെ മുറിക്കുള്ളിലാക്കി ഭക്ഷണമോ ചികിത്സയോ നല്‍കാതിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിസ് തന്ത്രങ്ങള്‍ തകര്‍ത്ത് പൗരന്മാരെ സംരക്ഷിക്കുകകയെന്നതിന് വെല്ലുവിളികളുണ്ടെങ്കിലും വ്യോമാക്രമണങ്ങളില്‍ നിന്നും പൗരന്മാരെ രക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിന് സൈന്യം പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൗരന്മാരെ ഐസിസ് സഞ്ചരിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുള്ളതിനാല്‍ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള നോട്ടീസുകള്‍ നല്‍കിയെന്നു പറയുന്നതില്‍ കാര്യമില്ലെന്നും ആംനസ്റ്റി വ്യക്തമാക്കി.

മൂന്നുവര്‍ഷം മുമ്പ് ഐസിസ് പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചുപിടിച്ചതായി തിങ്കളാഴ്ചയാണ് ഇറാഖി പ്രധാനമന്ത്രി ഹൈദല്‍ അല്‍ അബാദി ഔപചാരികമായി പ്രഖ്യാപിച്ചത്.

യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സഹായത്തോടെ ഇറാഖി സൈന്യം ഒക്ടോബറിലാണ് മൊസൂളിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ചത്. ജനുവരിയില്‍ മൊസൂളിന്റെ കിഴക്കുഭാഗം ഇറാഖ് പിടിച്ചെടുക്കുകയും ഫെബ്രുവരി മുതല്‍ പടിഞ്ഞാറന്‍ ഭാഗത്തിനുവേണ്ടിയുള്ള യുദ്ധം തുടങ്ങുകയും ചെയ്തിരുന്നു.

Advertisement