കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനു തകര്‍ത്താണ് ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കിയത്.

ശ്രീലങ്ക നിശ്ചയിച്ച 133 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 28 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഓസീസിന് വേണ്ടി ഓപ്പണര്‍ ഷോണ്‍ മാര്‍ഷ് 70 റണ്‍സും ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് 38 റണ്‍സും നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലകരത്‌ന ദില്‍ഷന്റെ തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ലങ്കയുടെ തുടക്കം. 38.4 ഓവറില്‍ 132 റണ്‍സിന് ശ്രീലങ്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. മഹേല ജയവര്‍ധനയും(53) കുമാര്‍ സംഗക്കാരയും (31)മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും തിളങ്ങിയത്.

25 ഓവറില്‍ മൂന്നിന് 95 എന്ന സാമാന്യം ഭേദപ്പെട്ട നിലയില്‍ നിന്നാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സ് 132 റണ്‍സിലേക്കൊതുങ്ങിയത്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ സേവിയര്‍ ദോറോത്തിയും ബ്രറ്റ് ലീയുമാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്ത് വിട്ടത്. ജയവര്‍ധനയ്ക്കും സംഗക്കാരയ്ക്കും ദില്‍ഷനുമൊഴികെ(12) യുള്ള ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല.

മറുപടി ബാറ്റിംങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വാട്ട്‌സണ്‍ന്റെയും ക്ലര്‍ക്കിന്റെയും മികവില്‍ 28 ഓവറില്‍ ശ്രീലങ്കന്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു. 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ ദോര്‍ത്തിയാണ് കളിയിലെ കേമന്‍. നേരത്തെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഓസീസ് ജയിച്ചപ്പോള്‍ മൂന്നാം മത്സരം ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു.