ദല്‍ഹി: സമ്മതമില്ലാതെയുള്ള എല്ലാ സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ജീവനക്കാരനെതിരെ സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

‘ലൈംഗിക താല്‍പ്പര്യം മുന്‍നിര്‍ത്തി നടത്തുന്ന സപര്‍ശനങ്ങളും സമീപനങ്ങളും ലൈംഗികാതിക്രമം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആകസ്മികമായ ശാരീരിക സ്പര്‍ശനങ്ങളെ ലൈംഗികാതിക്രമമമായി കണക്കാക്കാനാവില്ല.’


Also Read: ‘ഞാനൊന്നുമറിഞ്ഞിട്ടില്ലേ..’; മെഡിക്കല്‍ കോഴ; തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞിട്ടില്ലെന്ന് എം.ടി രമേശ്


സഹപ്രവര്‍ത്തകന്‍ അനുവാദമില്ലാതെ കൈയില്‍ പിടിച്ചെന്നായിരുന്നു സി.എസ്.ഐ.ആറിലെ ജീവനക്കാരിയുടെ പരാതി. ലൈംഗിക താല്‍പ്പര്യത്തോടെയല്ലാതെ ആകസ്മികമായുള്ള സ്പര്‍ശനം സ്ത്രീയായതുകൊണ്ടു മാത്രം ലൈംഗികാതിക്രമമായി കാണാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

2005 ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. ലാബില്‍ ജോലി ചെയ്യുകയായിരുന്ന പരാതിക്കാരിയുടെ കൈയില്‍ നിന്ന് സഹപ്രവര്‍ത്തകന്‍ സാധനങ്ങള്‍ തട്ടിപ്പറിക്കുകയും അവരെ ലാബില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

നേരത്തെ സി.എസ്.ഐ.ആര്‍ അച്ചടക്കസമിതിയിലും ജീവനക്കാരി പരാതി നല്‍കിയിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.