Categories

മുല്ലപ്പെരിയാര്‍: സംയമനം പാലിക്കണമെന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും ആത്മസംയമനം പാലിക്കണമെന്നും സര്‍വകക്ഷി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തമിഴ്‌നാടുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.

ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് പുതിയ അണക്കെട്ടും തമിഴ്‌നാടിനുള്ള ജലലഭ്യതയും ഉറപ്പുവരുത്താന്‍ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യോഗം പ്രമേയം വ്യക്തമാക്കി.

കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു കൊണ്ടുള്ള സമരം ഒഴിവാക്കണം. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 04869224252 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നുമുള്ള പൊതുവായ തീരുമാനമാണ് സര്‍വ്വകക്ഷിയോഗത്തില്‍ ഉണ്ടായത്. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തു.

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചര്‍ച്ചയ്ക്ക് തയാറായ തമിഴ്‌നാടിന്റെ നിലപാടിനെ സര്‍വകക്ഷിയോഗം സ്വാഗതം ചെയ്തു. യോഗത്തില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സമരം ചെയ്ത മന്ത്രിമാര്‍ക്കെതിരെ സര്‍വകക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.