ന്യൂദല്‍ഹി: വനിതാസംവരണബില്‍ സംബന്ധിച്ച ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു.

രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഏതാനും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നില്ല. സ്ത്രീകള്‍ക്ക് നല്‍കുന്ന 33 ശതമാനം സംവരണത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം നല്‍കണമെന്ന ആവശ്യമാണ് കക്ഷികള്‍ ഉന്നയിച്ചിരുന്നത്.

പിന്നോക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും പ്രത്യേകം സംവരണം വേണമെന്ന സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കപ്പെടാതെ പോയത്. ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാനും വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയത്. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും യോഗത്തില്‍ പങ്കെടുത്തില്ല.

എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും യോഗത്തില്‍ പങ്കെടുത്തില്ല. ഇപ്പോഴത്തെ രൂപത്തില്‍ ബില്‍ പാസാക്കാനാകില്ലെന്ന് ഇരുപാര്‍ട്ടികളും അറിയിച്ചു. അതോടൊപ്പംതന്നെ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.

എന്നാല്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വര്‍ഷകാലസമ്മേളനത്തിനു മുമ്പായി ബില്‍ വിഷത്തില്‍ തീരുമാനമെടുക്കേണ്ടതുകൊണ്ട് വീണ്ടും യോഗം വിളിച്ചുചേര്‍ക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ 14 വര്‍ഷമായി വിവാദങ്ങളില്‍ തുടരുകയാണ് വനിതാസംവരണബില്‍. 1996 സെപ്തംബറില്‍ ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്താണ് വനിതാസംവരണബില്ലിന്റെ കരട് ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.