all-india-entrance
തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന അഖിലേന്ത്യാ എഞ്ചിനിയറിംങ് പ്രവേശനപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി.

ലക്‌നൗവിലെ മാര്‍ക്കറ്റില്‍ ചോദ്യപേപ്പര്‍ വില്‍ക്കാനായി കൊണ്ടുവന്നനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭത്തെത്തുടര്‍ന്ന് ഉത്തര്‍പ്രേദേശ് പോലീസിലെ പ്രത്യേക ദൗത്യ സംഘം ഒരാളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

ആദ്യ സെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് രാവിലെ 9.30ന് നടക്കേണ്ട പരീക്ഷ ആരംഭിച്ചില്ല. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് രണ്ടാമത്തെ സെറ്റ് ചോദ്യപേപ്പര്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അപാകതയുള്ളതിനാലാണ് ആദ്യസെറ്റ് ചോദ്യപേപ്പര്‍ പിന്‍വലിക്കുന്നതെന്നായിരുന്നു അധകൃതര്‍ നല്‍കിയ വിശദീകരണം.

പുതുക്കിയ സമയക്രമമനുസരിച്ച് 12മുതല്‍ മൂന്ന് മണി വരെയാണ് ഒന്നാം ഘട്ടപരീക്ഷ നടക്കുന്നത്. രണ്ടാം ഘട്ട പരീക്ഷ നാലു മുതല്‍ ഏഴുവരെ നടത്തും. എ.എഫ്.എം.സി പരീക്ഷ മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ നടത്തും. രണ്ട് പരീക്ഷയും ഏഴുതേണ്ടവര്‍ക്കായി എ.എഫ്.എം.സി പരീക്ഷ മെയ് 8ന് വീണ്ടും നടത്തും.

കേരളത്തില്‍ 65,00 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.