ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് കല്‍പിത സര്‍വകലാ ശാലകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. കല്‍പിത സര്‍വ്വകലാശാലകളെ പൂര്‍ണമായി ഇല്ലാതാക്കുകയെന്നത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 44 കല്‍പിത സര്‍വകലാശാലകളുടെ അംഗീകാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അടുത്ത ഭാവിയില്‍ തന്നെ ഇത്തരം സര്‍വകലാ ശാലകള്‍ രാജ്യത്ത് ഇല്ലാതാകും. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇത് മൂലം പ്രയാസമനുഭവിക്കില്ല. ഏതെങ്കിലും കല്‍പിത സര്‍വകലാശാലയുടെ അംഗീകാരം ഇതുവരെയും പിന്‍വലിച്ചിട്ടില്ല. കല്‍പിത സര്‍വകലാശാലകളെക്കുറിച്ച വിദഗ്ധ സമിതി നലകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. ഒരു വിദ്യാര്‍ഥിയും പ്രയാസപ്പെടേണ്ടി വരില്ലെന്ന് ഉറപ്പ് തരുന്നതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ നൂറോളും കല്‍പിത സര്‍വകലാശാലകളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ പലതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്‍ ഡി എയുടെ ഭരണ കാലത്ത് മുരളി മനോഹര്‍ ജോഷി മാനവ വിഭവ ശേഷി മന്ത്രിയായിരിക്കുമ്പോഴാണ് ഭൂരിഭാഗം കല്‍പിത സര്‍വലാശാലകള്‍ക്കും അംഗീകാരം നല്‍കിയത്. കല്‍പിത സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കപ്പെടുന്ന പക്ഷം അവിടത്തെ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഇഗ്‌നോ യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലോ ഓപണ്‍ യൂനിവേഴ്‌സിറ്റികളിലോ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. അംഗീകാരം റദ്ദാക്കപ്പെടുന്ന കലാശാലകളില്‍ 44 ല്‍ 16 ഉം തമിഴ്‌നാട്ടിലാണ്. കര്‍ണ്ണാടകയില്‍ ആറെണ്ണമുണ്ട്. കേരളത്തില്‍ ഒന്നുമില്ല.