ഹൈദരാബാദ്:  കൂടംകുളം ആണവ പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും പരിഹരിച്ചെന്നും പദ്ധതി ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാങ്കേതിക ഉപദേഷ്ടാവ്‌  ആര്‍.ചിദംബരം പറഞ്ഞു.

‘ കൂടംകുളം ആണവപദ്ധതി ഉടന്‍ പ്രവര്‍ത്തമാരംഭിക്കും. പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ കമ്മിറ്റി പരിഹരിച്ചിരിക്കുന്നു.’ ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.

കൂടുംകുളത്ത് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന റിയാക്ടര്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയുള്ളതാണെന്നും ചിദംബരം പറഞ്ഞു. ഇത്തരം 16 റിയാക്ടറുകള്‍ റഷ്യയിലും ഒമ്പതെണ്ണം റഷ്യയ്ക്ക് പുറത്തുമുണ്ട്. അടുത്തിടെ ഇത്തരം രണ്ട് റിയാക്ടറുകള്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യയുടെ സുരക്ഷാ സന്നാഹം ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലുതാണ്. സുരക്ഷാ പദ്ധതികളിലും അതിന്റെ നടത്തിപ്പിലുമുണ്ടാവണം. സംവിധാനങ്ങളിലൂടെ ഇത് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും നല്ല പരിശീലനം ലഭിച്ച എഞ്ചിനീയര്‍മാരാണ് നമുക്കുള്ളത്.’ ചിദംബരം വ്യക്തമാക്കി.

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കൂടംകുളം പ്ലാന്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നിര്‍ത്തിവെച്ചിരുന്നു.

Malayalam News
Kerala News in English