Administrator
Administrator
ലോക്പാല്‍ ബില്‍ എന്ത്?
Administrator
Thursday 7th April 2011 8:07pm

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ജനലോക്പാല്‍ ബില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറെ ചര്‍ച്ചയായിരുന്നെങ്കിലും വലിയ തുടര്‍ചലനങ്ങളൊന്നും ഉണ്ടായില്ല.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അഴിമതി എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് നടമാടാന്‍ തുടങ്ങിയതോടെ ഇതിനെതിരേ ശബ്ദമുയരുകയായിരുന്നു. ഗാന്ധിയനും സാമുഹ്യപ്രവര്‍ത്തകനുമായ അണ്ണ ഹസാരയാണ് അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തി രംഗത്തെത്തിയത്. സമൂഹത്തിന്റെ വിവിധ ധാരയിലുള്ളവര്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തുകയായിരുന്നു.

അഴിമതിക്കെതിരേ കുരിശുദ്ധത്തിനാണ് താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളതെന്ന് അണ്ണ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. ഈയവസരത്തില്‍ എന്താണ് ലോക്പാല്‍ ബില്ലെന്നും ഇതിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും മനസിലാക്കുന്നത് നന്നായിരിക്കും.

നിര്‍ദിഷ്ട ബില്‍
അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ജന ലോക്പാല്‍ ബില്‍ അഥവാ പീപ്പിള്‍സ് ഓംബുഡ്‌സ്മാന്‍ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയും കര്‍ണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിര്‍ന്ന് നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍, വിവരാവകാശ പ്രവര്‍ത്തകനും മഗ്‌സെസെ പുരസ്‌കാര ജേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ ചേര്‍ന്നാണ് ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയത്.

അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി അഥവാ ജന്‍ലോക് പാല്‍ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുക, ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിക്ക് ശുപാര്‍ശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകള്‍.

അഴിമതി നടത്തിയവര്‍ക്കെതിരേ നിയമനടപടിയെടുക്കുന്നുണ്ടെന്നും അവര്‍ക്ക് പരമാവധി ശിക്ഷലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ലോക്പാല്‍ ശ്രദ്ധിക്കണം. കുറ്റം ചെയ്ത ആളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണം. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും അതത് സര്‍ക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മര്‍ദ്ദമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കും.

അഴിമതിയെ തൂകത്തെറിയാന്‍ പര്യാപ്തമായ എല്ലാ വ്യവസ്ഥകളും ബില്ലിലുണ്ടെന്നാണ് ‘ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന പറയുന്നത്. അഴിമതിക്കെതിരായ സമരത്തില്‍ അണ്ണ ഹസാരയ്‌ക്കൊപ്പം പങ്കെടുക്കുന്ന പ്രമുഖസംഘടനയാണ് ഇത്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ബില്‍ വെറും കണ്‍കെട്ടുവിദ്യ മാത്രമാണെന്നാണ് സംഘടന പറയുന്നത്. രാഷ്ട്രീയക്കാരെ സഹായിക്കാന്‍ മാത്രമേ നിര്‍ദ്ദിഷ്ടബില്‍ സഹായിക്കൂ എന്നും സംഘടന ആരോപിക്കുന്നു.

ബില്‍ ഇതിനുമുമ്പും

ഇതിനുമുമ്പ് എട്ടുതവണ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. 1971,85,89,96,98,2001,2005,2008 എന്നീ വര്‍ഷങ്ങളിലായിരുന്നു ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ മാത്രമായിരുന്നു ബില്‍ പാസാക്കിയത്. അതും ഒരുതവണ മാത്രം. രാജ്യസഭയില്‍ ബില്‍ ഒരിക്കല്‍പ്പോലും പാസാക്കപ്പെട്ടില്ല.

ഹസാരെയും അനുകൂലിക്കുന്നവരും തയ്യാറാക്കിയ ജനലോകായുക്ത ബില്‍ ഏറെ ഫലപ്രദമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 18 സംസ്ഥാനങ്ങളിലെയും ലോകായുക്തമാര്‍ക്ക് പൂര്‍ണസഹായം ഉറപ്പുവരുത്തുന്നതാണ് ജനലോകായുക്ത ബില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

anna hasare

പ്രധാന നിര്‍ദ്ദേശങ്ങള്‍
1-അഴിമതി തടയാനായി കേന്ദ്രത്തില്‍ ഒരു ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും
2-സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയില്‍ പൂര്‍ണമായും സ്വതന്ത്രമായിരിക്കണം ഇതിന്റെ പ്രവര്‍ത്തനം. നിര്‍ണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് നല്‍കണം.
3- ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
4-അഴിമതിയാരോപണങ്ങള്‍ എന്തുകാരണംകൊണ്ടായാലും വര്‍ഷങ്ങള്‍ നീണ്ടുപോകാന്‍ അനുവദിക്കരുത്. ഒരുവര്‍ഷത്തിനിടയ്ക്ക് തന്നെ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലിലടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
5-കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരേയുള്ള നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം.
6-കേന്ദ്രസര്‍ക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിര്‍ദ്ദേശിക്കാം.

ആര്‍ക്കെതിരെയാണോ പരാതിയുയര്‍ന്നത് അവരില്‍ നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാര്‍ക്ക് നല്‍കാനും ലോക് പാലിന് അധികാരമുണ്ടാകും.
7- എന്തെങ്കിലും അഴിമതി നടക്കന്നതായി പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ലോക് പാലിനെ അറിയിക്കാവുന്നതാണ്. റോഡ് നിര്‍മ്മാണത്തിലെ അപാകതകളോ, റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങളോ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പ്രശ്‌നങ്ങളോ എന്തും ജനങ്ങള്‍ക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്.
8-ലോക്പാലിലെ അംഗങ്ങളുടെ അഴിമതിയും അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. ഭരണഘടനാ വിദഗ്ധരും ജഡ്ജിമാരും അടങ്ങിയ സമിതിയായിരിക്കും ലോക്പാലിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക. രാഷ്ട്രീയക്കാരെ ഇതിന്റെ ഏഴയലത്തുപോലും അടുപ്പിക്കുകയില്ല. തികച്ചും ജനാധിപത്യരീതിയില്‍ ആണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.

ലോക്പാലിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ രണ്ടുമാസത്തിനുള്ളില്‍ നടപടിയെടുക്കും.

നിലവില്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിജിലന്‍സ് കമ്മീഷന്‍, സി.ബി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ എന്നിവ ലോക്പാലിന് കീഴിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Advertisement