Categories

EXCLUSIVE: ശശീന്ദ്രന്റെ മരണം: വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്

alkeshkumar-investigation

ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന് സ്ഥാപന മേധാവികളില്‍ നിന്ന് കടുത്ത മാനസിക പീഡനമേറ്റിരുന്നതായി വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശശീന്ദ്രനെതിരെ കമ്പനി എടുത്ത നടപടികളെല്ലാം സംശയാസ്പദമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡൂള്‍ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച വ്യവസായ വകുപ്പ് സെക്രട്ടറി അല്‍കേഷ്‌കുമാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശശീന്ദ്രന് കുറഞ്ഞ് കാലങ്ങള്‍ക്കുള്ളില്‍ നല്‍കിയ ഒമ്പത് മെമ്മോകള്‍ സ്വാഭാവിക നടപടിയായി കാണാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ണ്ണായക വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒരു നടപടിക്കും തയ്യാറായിട്ടില്ല.

മലബാര്‍ സിമന്റ്‌സ് കമ്പനിയുടെ നടത്തിപ്പില്‍ അവിശുദ്ധ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഒരുവിധ മാനദണ്ഡങ്ങളും കമ്പനി പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശശീന്ദ്രനെ കമ്പനിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുയര്‍ന്നരുന്നുവെന്നും മലബാര്‍ സിമന്റ്‌സിലെ കരാറുകാരനും വ്യവസായിയുമായ വി.എം രാധാകൃഷ്ണന് ക്രമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ശശീന്ദ്രന്‍ തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സത്യസന്ദനും ലോല ഹൃദയനുമായിരുന്നു ശശീന്ദ്രനെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

താല്‍ക്കാലിക ജീവനക്കാരനായി സ്ഥാപനത്തില്‍ കയറി മാനേജിങ് ഡയരക്ടറുടെ പി.എ ആയി മാറിയ ആളാണ് സൂര്യനാരായണന്‍. ഡെപ്യൂട്ടി മാനേജര്‍ പദവിയുള്ള കമ്പനി സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സൂര്യനാരായണനെ നിയമിച്ചതോടെയാണ് ശശീന്ദ്രനും ഉന്നത ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധം വഷളാകുന്നത്. സൂര്യനാരായണന്റെ നിയമനം തന്നെ സംശയാസ്പദമാണ്. ശശീന്ദ്രന്‍ സ്ഥാനത്ത് തുടരുന്നത് കമ്പനി മേധാവികള്‍ക്കും തലവേദനയായിരുന്നു. കമ്പനിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോടതികളിലെത്തിയ വിജിലന്‍സ് കേസുകളില്‍ പ്രധാന സാക്ഷി കൂടിയായിരുന്നു ശശീന്ദ്രന്‍.

2010 സെപ്തംബര്‍ നാലിന് ശശീന്ദ്രന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന് കമ്പനിയില്‍ നടക്കുന്ന അനധികൃത ഇടപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് കത്തയച്ചിരുന്നു. പി സൂര്യനാരായണന്‍ കമ്പനിയുടെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് ചോര്‍ത്തി നല്‍കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. അതേ ദിവസം തന്നെ ശശീന്ദ്രന്‍ തന്റെ ജോലി രാജിവെച്ച് കത്ത് നല്‍കുകയും ചെയ്തു. 2010 സെപ്തംബര്‍ എട്ടിന് അദ്ദേഹം കമ്പനി വിട്ടു. എന്നാല്‍ പിറ്റേ ദിവസം തന്നെ അദ്ദേഹം തന്റെ പരാതി പിന്‍വലിക്കുന്നതായിക്കാണിച്ച് മറ്റൊരു കത്ത് മുഖ്യമന്ത്രിക്കെഴുതി. ഇതെല്ലാം സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2010 ഫെബ്രുവരി 10ന് മാനേജിങ് ഡയരക്ടറായി ചമുതലയേറ്റ സുന്ദരമൂര്‍ത്തിയാണ് നേരത്തെ ശിക്ഷാനടപടിക്ക് വിധേയനായ സൂര്യനാരായണനെ കാസര്‍ക്കോട്ട് നിന്ന് ധൃതി പിടിച്ച് വാളയാര്‍ പ്ലാന്റേഷനിലേക്കാണ് കൊണ്ടുവന്നത്. സൂര്യനാരായണനെതിരെയുള്ള അച്ചയടക്ക നടപടി പിന്‍വലിച്ചതും മൂര്‍ത്തിയാണ്. സ്ഥാപനത്തിലെ സ്ഥലം മാറ്റങ്ങള്‍ നടത്തുന്നതും ഒഴിവുകള്‍ നികത്താതെ ഇട്ടിരിക്കുന്നതും ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡയരക്ടര്‍ബോര്‍ഡിന്റെ അധികാരത്തെ മറികടന്ന് നിയമനടപടികളില്‍ നിന്ന് സൂര്യനാരായണനെ എം.ഡി ഒഴിവാക്കി. ചിലരെ ഒതുക്കുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് മാനദണ്ഡങ്ങള്‍ സംഘിച്ച് 85 സ്ഥലം മാറ്റങ്ങള്‍ സുന്ദരമൂര്‍ത്തി നടത്തി. ഓഡിറ്റ്, ഫിനാന്‍സ്, കമ്പനി സെക്രട്ടറി വകുപ്പ് എന്നീ ചുമതലകള്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനാണ് നടത്തുന്നത്. കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത തരത്തിലാണ് ക്രമീകരണമാണ് നടത്തിയിട്ടുള്ളത്. 17 സീനിയര്‍ മാനേജര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മൂന്നാം നിരയിലുള്ള ഉദ്യോഗസ്ഥരാണ് ഈ ഡിപ്പാര്‍ട്ടമെന്റുകളുടെ ചുമതല നിര്‍വ്വഹിക്കുന്നത്. സ്വതന്ത്രമായ ഏജന്‍സിയെ വെച്ച് കമ്പനിയിലെ നിയമനങ്ങള്‍ നടത്തണമെന്നും പരീക്ഷയും അഭിമുഖങ്ങളും കമ്പനിക്ക് പുറത്ത് നടക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സി.ബി.ഐ അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്. കേസില്‍ മലബാര്‍ സിമന്റ്‌സ് എം.ഡി സുന്ദരമൂര്‍ത്തി, സൂര്യനാരായണന്‍, വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍ എന്നിവരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനവരി 24നാണ് പുതുശ്ശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്. കോടതിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളില്‍ മുഖ്യസാക്ഷിയായിരുന്ന വി. ശശീന്ദ്രനെ കരാറുകാരന്‍ വി.എം. രാധാകൃഷ്ണന്‍, മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി പി. സൂര്യനാരായണന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് ഭാര്യ പോലീസിന് മൊഴിനല്‍കിയിരുന്നു. ഹൈക്കോടതിയിലും ഇക്കാര്യം ബോധിപ്പിച്ചിരുന്നു.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം താഴെ

alkeshkumar-report

Malayalam news

Kerala news in English

2 Responses to “EXCLUSIVE: ശശീന്ദ്രന്റെ മരണം: വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്”

  1. shajan

    ദൂള്‍ ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍മാര്‍ പുലികള്‍ തന്നെ.
    എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ കണ്ടെത്തുന്നത്…

  2. anoopchandran

    ദൂള്‍ ന്യൂസിനു അഭിനന്ദനങ്ങള്‍,,,,,,,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.