കുവൈത്ത്: രണ്ടുമാസമായി അടച്ചു കിടക്കുന്ന ഖത്തര്‍ വാര്‍ത്താചാനലായ അല്‍ജസീറ ഉടന്‍ തന്നെ തുറക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈത്തിലെ ചില എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അല്‍ജസീറ ചാനലിനെ അനുവദിക്കാന്‍ കുവൈറ്റ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ അറുപതോളം മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഒപ്പു വെച്ചിട്ടുണ്ട്.

ഡിസംബറിലായിരുന്നു അല്‍ജസീറ ചാനലിന്റെ കുവൈത്തിലെ ഓഫീസ് അടപ്പിക്കുകയും ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരുടെ അക്രഡിറ്റേഷന്‍ പിന്‍വലിക്കുകയും ചെയ്തത്. ഒരു പൊതുസമ്മേളനം പൊലീസ് അടിച്ചമര്‍ത്തുന്നത് കവര്‍ ചെയ്തതോടെയായിരുന്നു നടപടി.

ഇതിനുമുമ്പ് അല്‍ജസീറ ചാനലിന്റെ ഓഫീസ് 2002ല്‍ മൂന്നു വര്‍ഷത്തേക്ക് അടപ്പിച്ചിരുന്നു. ഖത്തറി അമിര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലിഫ അല്‍തനിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനു ശേഷമായിരുന്നു പിന്നീട് ചാനല്‍ ഓഫീസ് തുറക്കാന്‍ അനുവദിച്ചത്.