ജറുസലേം: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ ഇസ്രഈലിലുള്ള പ്രാദേശിക ഓഫീസുകള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ഇസ്രഈല്‍ വാര്‍ത്ത വിനിമയ മന്ത്രാലയം ഉത്തരവിട്ടു. ഭീകര പ്രവര്‍ത്തനത്തിന് ചാനല്‍ പിന്തുണ നല്‍കുന്നു എന്നാരോപിച്ചാണ് നടപടി.

അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് കാര്‍ഡുകള്‍ അസാധുവാക്കാന്‍ ഇസ്രഈല്‍ വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അയൂബ് കയ ഉത്തരവിട്ടു. ചാനലിന്റെ സിഗ്‌നലുകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പ്രദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അയൂബ് കയയുടെ നടപടികളെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദിച്ചു. തന്റെ നിര്‍ദ്ദേശ പ്രകാരമാണ് അല്‍ ജസീറയ്‌ക്കെതിരെ നടപടിയെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

ചാനലിനെതിരെയുള്ള നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അല്‍ ജസീറ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം
അല്‍ അഖ്‌സയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് അല്‍ജസീറയെ ഇസ്രഈലില്‍ നിന്നും നാടുകടത്തുമെന്ന് പരസ്യമായി പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചിരുന്നു.


Also read മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍; പള്ളികള്‍ക്ക് നേരെ ആക്രമണങ്ങളും കുരിശ് തകര്‍ക്കലും; ഗോവയില്‍ വര്‍ഗ്ഗീയസംഘര്‍ഷത്തിന് കളമൊരുക്കുന്നതായി റിപ്പോര്‍ട്ട്


അല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് വിലക്കിക്കൊണ്ടുള്ള ഇസ്രായേല്‍ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പള്ളിയുടെ മുമ്പില്‍ ഇസ്രഈല്‍ സ്ഥാപിച്ച മെറ്റല്‍ ഡിക്ടറ്ററുകള്‍ മാറ്റുന്നത് വരെ ഇസ്രഈലുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും മരവിപ്പിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഉത്തരവിടുകയും ചെയ്തിരുന്നു.ഇക്കാര്യങ്ങള്‍ അല്‍ജസീറയുള്‍പ്പെടെയുള്ള ചാനലുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതാണ് ചാനലിനെതിരെ നടപടിയെടുക്കാന്‍ ഇസ്രഈലിനെ പ്രേരിപ്പിച്ചത്.