സ്വന്തം ലേഖകന്‍

കോഴിക്കോട്: സി.പി.ഐ.എം പിന്തുണയോടെ നേടിയ എം.എല്‍.എ സ്ഥാനം രാജിവെച്ച മഞ്ഞളാംകുഴി അലി കോണ്‍ഗ്രസിലേക്കോ ലീഗിലേക്കോ ഇല്ല. സി.പി.ഐ.എം വിരുദ്ധ ഇടത് ചേരിയില്‍ നിലയുറപ്പിക്കാനാണ് അലിയുടെ നീക്കമെന്നാണ് അലിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സി.പി.ഐ.എം വിഭാഗീയതയുമായി ചേര്‍ത്ത് വായിക്കപ്പെട്ട അലിയുടെ പേരുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് വഴിത്തിരിവെന്നോണമാണ് സിപിഐഎം ക്യാംപ് വിടാനുള്ള അലിയുടെ പ്രഖ്യാപനമുണ്ടായത്. യു.ഡി.എഫിലേക്കും മുസ് ലിം ലീഗിലേക്കും അലിക്ക് ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും അലിയുടെ തീരുമാനം ഇതൊന്നുമല്ലെന്നാണ് ലഭിക്കുന്ന വിവരം.

സി.പി.ഐ.എമ്മിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നാരോപിച്ച് പാര്‍ട്ടിവിട്ടവര്‍ രൂപീകരിച്ച ഇടതുപക്ഷ ഏകോപന സമതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അലിയുടെ നീക്കം. എന്നാല്‍ ഏകോപന സമിതിയില്‍ പ്രത്യക്ഷ രംഗപ്രവേശനമുണ്ടാവില്ല.

പാര്‍ട്ടിയില്‍ വി.എസ് പക്ഷത്തിന്റെ ശക്തനായ വക്താവായി അറിയപ്പെടുന്ന അലി മുമ്പ് തന്നെ ഔദ്യോഗിക വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ മുമ്പൊരിക്കല്‍ അലിയെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ അലിയുമായി ബന്ധപ്പെട്ട് ഉരുണ്ടുകൂടിയ കാര്‍മേഘമാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ പെയ്‌തൊഴിഞ്ഞത്.

എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്ത് വരികയും ഇപ്പോള്‍ പാര്‍ട്ടിയെ പൂര്‍ണമായി തള്ളിപ്പറയുകയും ചെയ്തിട്ടും അലിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്ത് വന്നില്ലെന്നത് ശ്രദ്ധേയമാണ്. നേരത്തെ അലിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്ന എ വിജയരാഘവന്‍ പോലും ഇന്ന് വളരെ മാന്യമായാണ് പ്രതികരിച്ചത്.

മങ്കട എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയാണെന്നും സ്പീക്കറെ നേരില്‍ക്കണ്ട് ഉടനെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നുമാണ് അലി വ്യക്തമാക്കിയത്. സി.പി.ഐ.എം പിന്തുണയോടെ ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുകയാണെന്നും മങ്കടയിലെ ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അലി പറഞ്ഞു. മലപ്പുറത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അലി ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ കച്ചവടം നടത്താനല്ല രാഷ്ട്രീയത്തില്‍ വന്നത്. രാഷ്ട്രീയ കച്ചവടത്തിലൂടെ കോടികള്‍ നേടിയവര്‍ക്ക് തന്റെ കച്ചവടത്തെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല. സി പി ഐ എം നേതാക്കളുടെ ആട്ടും തുപ്പും സഹിച്ച് മടുത്തു. ആരുടെ മുന്നിലും മുട്ടുമടക്കി കേഴാന്‍ ഉദ്ദേശിക്കുന്നില്ല.

പാര്‍ട്ടിയുടെ സഹായത്തോടെ ലഭിച്ച എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുകയാണ്. മങ്കടമണ്ഡലത്തില്‍ തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ മറക്കാനാവില്ല. സ്വന്തമെന്നു കരുതിയ പല നേതാക്കളും തനിക്കെതിരേ നടത്തിയ പ്രസ്താവനകള്‍ വേദനിപ്പിച്ചെന്നും അലി വ്യക്തമാക്കി.

തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. അവരുടെ വിജയത്തിനായി സഹകരിക്കും. എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള അന്തരം ഇല്ലാതാവുകയാണെന്നും അലി പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയതയിലെ ഇരയാണ് താനെന്നും വി എസ് പക്ഷക്കാരനാക്കി തന്നെ മുദ്രകുത്തിയെന്നും അലി ആരോപിച്ചു.