മലപ്പുറം: ഇടതു മുന്നണിവിട്ട മഞ്ഞളാംകുഴി അലിയുടെ രാഷ്ട്രീയ നിലപാട് ഇന്നു പ്രഖ്യാപിക്കും. അലിയുടെ മുസ്‌ലിം ലീഗിലേക്ക് പോകുമെന്ന് വ്യക്തമായെങ്കിലും അത് ഏതുരീതിയിലാകുമെന്നത് ഇന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്ന് വൈകുന്നേരം പെരിന്തല്‍മണ്ണയില്‍ അലിയുടെ വ്യാപാരകേന്ദ്രമായ അയിഷ കോംപ്ലക്‌സില്‍ ചേരുന്ന ഭാരവാഹികളുടെ യോഗത്തിലെടുക്കും.

അലിയുടെ ഭാവി രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഈ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ വീണ്ടും ചര്‍ച്ചചെയ്യും. ഭൂരിഭാഗം പേരും മുസ്‌ലിം ലീഗിലേക്കു പോകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന നയത്തില്‍ നിന്ന് വ്യതിചലിക്കാതെ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്കു പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതാകാമെന്നാണ് അലിയുടെ ഇതുവരെയുള്ള നിലപാട്.

മുസ്‌ലിം ലീഗിലേക്കുള്ള അംഗത്വമെടുക്കലും യുഡിഎഫിന്റെ സ്വാഗത സമ്മേളനവും അടുത്തയാഴ്ചയോടെ നടക്കാനാണു സാധ്യത.

ഇടതുപക്ഷ ഏകോപനസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം അലിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്നവരുടെ അഭിപ്രായത്തിനനുസരിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു അലിയുടെ നിലപാട്.