സനാ: യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ ചികിത്സയ്ക്കായി സൗദിയിലേക്ക് പലായനം ചെയ്തു. സൗദി അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

സാലി എവിടെയാണുള്ളത് എന്ന കാര്യത്തില്‍ ശനിയാഴ്ച കൃത്യമായ വിവരമില്ലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ മുറിവേറ്റ അദ്ദേഹം ചികിത്സയ്ക്കായി സൗദിയിലേക്ക് പോയി എന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

സാലെയുടെ ഹൃദയത്തിന്റെ താഴെയായി വെടിയേറ്റിറ്റുണ്ടെന്നും മുഖത്തും നെഞ്ചിലും പൊള്ളലേറ്റിട്ടുണ്ടെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുലഭിക്കുന്ന വിവരം. ജര്‍മ്മന്‍ മെഡിക്കല്‍ ടീമുമായി ചര്‍ച്ച നടത്തിയശേഷമാണ് സൗദി ഡോക്ടര്‍മാര്‍ അദ്ദേഹത്തെ റിയാദിലേക്ക് കൊണ്ടുപോയത്.

വെള്ളിയാഴ്ച സനായിലെ പ്രസിഡന്റിന്റെ വസതിയ്ക്കരികിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥിക്കവെയാണ് സാലെയ്ക്കുനേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പ്രസിഡന്റ് വെള്ളിയാഴ്ച ഒരു ശബ്ദം സന്ദേശം സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല.

സാലെ അധികാരത്തില്‍ നിന്നും പുറത്തുപോകണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരമാണ് യമനില്‍ ആഭ്യന്തര യുദ്ധമായി വളര്‍ന്നത്.