എറണാകുളം: പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഇടപാട് നടന്ന കാലത്ത് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്നു കണ്ണന്താനം .

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തില്‍ ധനമന്ത്രിയും പ്രതിയാണ്. ഉമ്മന്‍ചാണ്ടി ഒപ്പിട്ട ഫയലാണ് മന്ത്രിസഭായോഗത്തില്‍ വച്ചത്. ഇറക്കുമതി നിയമം പാലിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി എതിര്‍പ്പ് ഫയലില്‍ വ്യക്തമാക്കണമായിരുന്നു. ഫയലില്‍ഒപ്പിട്ടതിന്റെ അര്‍ത്ഥം ഇടപാടിനോട് യോജിക്കുന്നു എന്നാണ്.

മന്ത്രി സഭാ യോഗത്തിലും മന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പാമേലിന്‍ ഫയല്‍ അജന്‍ണ്ടക്ക് പുറത്തുള്ള ഇനമായി കൊണ്ട് വന്നതില്‍ ദുരൂഹതയുണ്ട്. ഇടപാട് നിയമപ്രകാരമല്ലാത്തത് കൊണ്ടാണ് ഫയല്‍ അജന്‍ണ്ടക്ക് പുറത്തുള്ള ഇനമായി കൊണ്ട് വന്നത്. ഇക്കാര്യങ്ങളെല്ലാം തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

മലേഷ്യന്‍ കമ്പനിയുമായി ചര്‍ച്ച തുടങ്ങിയത് മുതല്‍ അഴിമതിയുണ്ടെന്ന് തനിക്കറിയാമെന്നും എന്നാല്‍ പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആരാണെന്ന് പറയില്ലെന്നും കണ്ണന്താനം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.